ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായി കേരള ബ്ലാസ്റ്റേഴ്‌സ് തുടരുന്നത് അതിനു പിന്നിൽ അടിയുറച്ചു നിൽക്കുന്ന ആരാധകർ കൂടി കാരണമാണ്. ഐഎസ്എൽ പത്താമത്തെ സീസൺ നടന്നു കൊണ്ടിരിക്കുമ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഉയർച്ചകളും താഴ്‌ചകളും ഉണ്ടായിട്ടുണ്ടെങ്കിലും ആരാധകരുടെ പിന്തുണയെ അതൊന്നും ബാധിച്ചില്ല. ടീമിന് ശക്തമായ പിന്തുണ നൽകിയ അവർ ഓരോ സീസൺ കഴിയുന്തോറും കൂടുതൽ സംഘടിതരായി മാറിക്കൊണ്ടിരുന്നു.
ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ നിന്നുമുള്ള ഒരു ക്ലബ് ലോകമറിയുന്ന തലത്തിലേക്കാണ് വളർന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ ഏറ്റവുമധികം സോഷ്യൽ മീഡിയ ഇന്ററാക്ഷൻസുള്ള ഏഷ്യൻ ക്ലബുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. മുൻപ് പുറത്തു വിട്ട കണക്കുകൾ പ്രകാരമെന്ന പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നസ്ർ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്.
📲⚽ TOP 3 asian football clubs with the highest social media engagement during october 2023!
1.@AlNassrFC 110M
2.@KeralaBlasters 26,4M
3.@Alhilal_FC 24,9M#instagram #X #facebook #youtube #tiktok pic.twitter.com/4M6zzPV8h1
— Deportes&Finanzas® (@DeporFinanzas) November 28, 2023
സൗദി അറേബ്യൻ ക്ലബായ അൽ നസ്റിന് ഒക്ടോബർ മാസത്തിലുണ്ടായ സോഷ്യൽ മീഡിയ ഇന്ററാക്ഷൻസ് 110 മില്യനാണ്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് അതിന്റെ തൊട്ടടുത്ത് പോലും എത്താൻ കഴിഞ്ഞില്ലെങ്കിലും 26.4 മില്യൺ ഇന്ററാക്ഷൻസുമായി അവർ രണ്ടാം സ്ഥാനത്താണ്. ഏറ്റവും അഭിമാനകരമായ കാര്യം വമ്പൻ താരങ്ങൾ കളിക്കുന്ന സൗദി ക്ലബായ അൽ ഹിലാലിനെ അവർ പിന്തള്ളിയെന്നതാണ്. 24.9 മില്യനാണ് അൽ ഹിലാലിന്റെ ഒക്ടോബറിലെ സോഷ്യൽ മീഡിയ ഇന്ററാക്ഷൻസ്.