കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് ലോകം കീഴടക്കുന്നു, ഈ ആവേശത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ തികയുന്നില്ല | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായി കേരള ബ്ലാസ്റ്റേഴ്‌സ് തുടരുന്നത് അതിനു പിന്നിൽ അടിയുറച്ചു നിൽക്കുന്ന ആരാധകർ കൂടി കാരണമാണ്. ഐഎസ്എൽ പത്താമത്തെ സീസൺ നടന്നു കൊണ്ടിരിക്കുമ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഉയർച്ചകളും താഴ്‌ചകളും ഉണ്ടായിട്ടുണ്ടെങ്കിലും ആരാധകരുടെ പിന്തുണയെ അതൊന്നും ബാധിച്ചില്ല. ടീമിന് ശക്തമായ പിന്തുണ നൽകിയ അവർ ഓരോ സീസൺ കഴിയുന്തോറും കൂടുതൽ സംഘടിതരായി മാറിക്കൊണ്ടിരുന്നു.

ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ നിന്നുമുള്ള ഒരു ക്ലബ് ലോകമറിയുന്ന തലത്തിലേക്കാണ് വളർന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ ഏറ്റവുമധികം സോഷ്യൽ മീഡിയ ഇന്ററാക്ഷൻസുള്ള ഏഷ്യൻ ക്ലബുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. മുൻപ് പുറത്തു വിട്ട കണക്കുകൾ പ്രകാരമെന്ന പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നസ്ർ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്.

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിന് ഒക്ടോബർ മാസത്തിലുണ്ടായ സോഷ്യൽ മീഡിയ ഇന്ററാക്ഷൻസ് 110 മില്യനാണ്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് അതിന്റെ തൊട്ടടുത്ത് പോലും എത്താൻ കഴിഞ്ഞില്ലെങ്കിലും 26.4 മില്യൺ ഇന്ററാക്ഷൻസുമായി അവർ രണ്ടാം സ്ഥാനത്താണ്. ഏറ്റവും അഭിമാനകരമായ കാര്യം വമ്പൻ താരങ്ങൾ കളിക്കുന്ന സൗദി ക്ലബായ അൽ ഹിലാലിനെ അവർ പിന്തള്ളിയെന്നതാണ്. 24.9 മില്യനാണ് അൽ ഹിലാലിന്റെ ഒക്ടോബറിലെ സോഷ്യൽ മീഡിയ ഇന്ററാക്ഷൻസ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന വമ്പൻ താരത്തിന്റെ സാന്നിധ്യമാണ് അൽ നസ്‌റിനെ ഒന്നാം സ്ഥാനത്തു നിർത്തുന്നത്. അഞ്ചു ബാലൺ ഡി ഓർ പുരസ്‌കാരവും എണ്ണമറ്റ മറ്റു കിരീടങ്ങളും സ്വന്തമാക്കിയ, സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം പേർ പിന്തുടരുകയും ചെയ്യുന്ന ഒരു താരം കളിക്കുന്ന ക്ലബ് ഒന്നാം സ്ഥാനത്തു വരുന്നത് സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ടു തന്നെ അവർക്ക് പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ക്ലബെന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സ് ലോകത്തിന്റെ ശ്രദ്ധയാണ് നേടിയെടുക്കുന്നത്.

നെയ്‌മർ, മാൽക്കം, റൂബൻ നെവസ്, മിലിങ്കോവിച്ച് സാവിച്ച്, കൂളിബാളി, മിട്രോവിച്ച് തുടങ്ങി യൂറോപ്യൻ ഫുട്ബോളിൽ തിളങ്ങി നിന്ന താരങ്ങൾ കളിക്കുന്ന അൽ ഹിലാൽ ബ്ലാസ്റ്റേഴ്‌സിന് പിന്നിലാണ് നിൽക്കുന്നത്. ലോകമറിയുന്ന ഒരു താരം പോലും ടീമിൽ ഇല്ലാതെയാണ് ഇത്രയും വലിയ കരുത്ത് ബ്ലാസ്റ്റേഴ്‌സ് കാണിക്കുന്നത്. അത് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്താണ്. ഓരോ സീസണിലും അത് കൂടുതൽ കൂടുതൽ വർധിച്ചു വരികയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Kerala Blasters 2nd In Asia With Most Social Media Interactions