“ഈ ടീമിനെ ജീവനോളം സ്നേഹിക്കുന്ന ആരാധകരുടെ സ്വപ്‌നം സഫലമാകും, കേരള ബ്ലാസ്റ്റേഴ്‌സ് കിരീടമുയർത്തും”- പ്രതീക്ഷ നൽകുന്ന വാക്കുകളുമായി പരിശീലകൻ | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണിലേക്ക് പോകുമ്പോൾ മൂന്നു തവണ ഫൈനലിൽ എത്തിയിട്ടും ഒരിക്കൽ പോലും കിരീടം നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയിലെ തന്നെ ഏറ്റവുമധികം ആരാധകരുള്ള, വളരെ സംഘടിതമായ ആരാധകക്കൂട്ടമുള്ള ക്ലബ് ആയിരുന്നിട്ടു കൂടി ഇതുവരെ ഒരു കിരീടം നേടാൻ അവർക്കു കഴിഞ്ഞിട്ടില്ലെന്നത് ഒരുപാട് നിരാശയുണ്ടാക്കുന്ന കാര്യമാണ്. അതിന്റെ പേരിൽ അവർ ഒരുപാട് ട്രോളുകളും ഏറ്റു വാങ്ങുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഒരുപാട് കാലങ്ങളായുള്ള ആഗ്രഹം സഫലമാക്കാൻ വേണ്ടി നൂറു ശതമാനം നൽകുമെന്നും ടീമിനായി കിരീടം നേടുമെന്നുമാണ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്. മൂന്നു തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്തിയിട്ടും ബ്ലാസ്റ്റേഴ്‌സ് കിരീടം നേടിയിട്ടില്ലല്ലോ, അതിനാൽ ആരാധകരുടെ വികാരത്തെ എങ്ങിനെ കാണുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം മറുപടി നൽകുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

“ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ ടീമുകളുടെയും ആഗ്രഹം ട്രോഫി നേടണമെന്നാണ്. ഞങ്ങൾ അതിനെക്കുറിച്ച് സ്വപ്‌നം കാണുന്നു, ഞങ്ങൾ അത് ആഗ്രഹിക്കുന്നു, അതിനായി കഠിനാധ്വാനം ചെയ്യുന്നു എന്നത് ആരാധകരുടെ ആവേശം പോലെത്തന്നെ ഞങ്ങൾക്ക് വലിയ പ്രചോദനം നൽകുന്ന ഒന്നാണ്. ആരാധകരുടെ ആ സൈന്യം എല്ലാ സീസണിലും കിരീടസാധ്യത ടീമിനുണ്ടെന്ന് മനസിലാക്കാനും അത് പ്രതീക്ഷിക്കാനും അർഹതയുള്ളവരുമാണ്.”

“ഞങ്ങൾ അതിനായി ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുകയും നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുവെന്നും അംഗീകരിക്കണം. കിരീടം നേടുകയെന്ന ആ വികാരത്തെ നമ്മുടെ സ്റ്റേഡിയത്തിൽ അറിയാനും, കൊച്ചിയിൽ അത് അനുഭവിക്കാനും ഞാൻ എല്ലാം നൽകും. അതിനായി എന്തും ചെയ്യാൻ തയ്യാറാണ് എന്നതിനാൽ ആ ദിവസം ഉടനെ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” വുകോമനോവിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇവാൻ വുകോമനോവിച്ചിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്തെ സീസൺ കളിക്കുമ്പോൾ ടീം ഒരുപാട് മുന്നോട്ടു പോയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു സീസണിൽ ലഭിച്ച ഏറ്റവും മികച്ച തുടക്കമാണ് ഇത്തവണത്തേത്. ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിലാണെങ്കിലും അതിനൊപ്പം തന്നെ കരുത്തുറ്റ ടീമുകൾ ഉണ്ടെന്നത് ഇത്തവണ ലീഗിൽ മികച്ച പോരാട്ടം തന്നെ നടക്കുമെന്ന് ഉറപ്പു നൽകുന്നു. അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ വരെ മികച്ച പോരാട്ടമാണ് ലീഗിൽ നടത്തുന്നത്.

Vukomanovic Do Everything To Win ISL With Kerala Blasters