ബ്ലാസ്റ്റേഴ്‌സ് തന്നോട് ചെയ്‌തതിനു പകരം വീട്ടുമെന്ന് മുൻ താരം, പിന്തുണയുമായി പെരേര ഡയസ് | Pereyra Diaz

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടാനിരിക്കയാണ്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും ഏഴാം സ്ഥാനത്തു നിൽക്കുന്ന ചെന്നൈയിൻ എഫ്‌സിയും തമ്മിലുള്ള മത്സരം കൊച്ചിയിലെ മൈതാനത്തു വെച്ചാണ് നടക്കുന്നത്. ഈ സീസണിൽ സ്വന്തം മൈതാനത്തു വെച്ച് നടന്ന മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും തോൽക്കാതെ അഞ്ചിൽ നാലിലും വിജയിച്ച ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.

അതേസമയം മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കുമെന്ന ഉറച്ച തീരുമാനം വെളിപ്പെടുത്തി മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ വിൻസി ബാരെറ്റോ രംഗത്തു വന്നിട്ടുണ്ട്. 2021 മുതൽ 22 വരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി കളിച്ച വിൻസി ബാരെറ്റോ പതിനേഴു മത്സരങ്ങളിൽ രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്നത് മികച്ചൊരു അനുഭവമായിരുന്നു എന്നു പറഞ്ഞ താരം പക്ഷെ ഇന്നലെ ടീമിനോടുള്ള രോഷമാണ് വെളിപ്പെടുത്തിയത്.

“ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനിറങ്ങുന്നത് മികച്ചൊരു അനുഭവമാണ്, ഞാൻ അവിടെ കളിച്ചിട്ടുള്ള താരമാണ്. മൂന്നു പോയിന്റുകളും നേടുകയെന്നതാണ് എന്റെ ലക്‌ഷ്യം. നമ്മൾ എവിടേക്ക് പോയാലും നമ്മുടെ നൂറു ശതമാനം മികച്ച പ്രകടനം നടത്തണം. കഴിഞ്ഞ വർഷം ഒരു കാരണവുമില്ലാതെ അവർ എന്നോട് ചെയ്‌തത്‌ ആലോചിക്കുമ്പോൾ ഇത്തവണ അവർക്കെതിരെ ഗോൾ നേടിയാൽ ഞാൻ ആഘോഷിക്കുക തന്നെ ചെയ്യും.” മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വിൻസി ബാരെറ്റോ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിനോട് താരത്തിന് ഇത്രയധികം രോഷമുണ്ടാകാൻ എന്താണ് കാരണമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം വിൻസിയുടെ വാക്കുകളെ ഏറ്റുപിടിച്ച് മറ്റൊരു മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടി എത്തിയെന്നത് കൗതുകകരമായ കാര്യമാണ്. മുംബൈ സിറ്റിക്ക് വേണ്ടി കളിക്കുന്ന മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ പെരേര ഡയസ് വിന്സിയുടെ പ്രസ്‌താവനക്ക് മറുപടിയായി ട്വിറ്ററിൽ കുറിച്ചത് “വളരെ നല്ല കാര്യം സുഹൃത്തെ” എന്നായിരുന്നു. ബ്ലാസ്റ്റേഴ്‌സിനോട് ഡയസിനും കലിപ്പുണ്ടെന്ന് നേരത്തെ വ്യക്തമായതാണ്.

എന്താണ് പല മുൻ താരങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്‌സിനോട് ഇത്രയധികം രോഷമുണ്ടാകുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിനു കാരണമെന്നാണ് അനുമാനിക്കേണ്ടത്. എന്തായാലും വെല്ലുവിളികളെ അതിജീവിച്ച് ഇന്നു വിജയം നേടേണ്ടത് ബ്ലാസ്റ്റേഴ്‌സിന് അനിവാര്യമാണ്. സ്വന്തം മൈതാനത്തു നടക്കുന്ന പോരാട്ടത്തിൽ അതിനു കഴിയുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

Pereyra Diaz Support Vincy Baretto Statement Against Kerala Blasters