ബ്ലാസ്റ്റേഴ്‌സിൽ നിർണായക മാറ്റത്തിനു കാരണം ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച്, അത് ഗുണം ചെയ്‌തു | Stimac

ഈ സീസണിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്. നിരവധി താരങ്ങളെ പലപ്പോഴായി പരിക്കും വിലക്കും കാരണം നഷ്‌ടമായിട്ടും അതിലൊന്നും പതറാതെ മുന്നോട്ടു പോകാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. ഏഴു മത്സരങ്ങൾ പിന്നിട്ടപ്പോൾ അഞ്ചു വിജയവും ഒരു സമനിലയും ഒരു തോൽവിയും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഈ സീസണിൽ കിരീടം നേടാമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

നിരവധി താരങ്ങളെ പലപ്പോഴായി നഷ്‌ടമായതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ലൈനപ്പിൽ പലപ്പോഴും മാറ്റങ്ങൾ വേണ്ടി വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഇതുവരെ പരീക്ഷിക്കാത്ത ഒരു മാറ്റമാണ് ഇവാൻ വുകോമനോവിച്ച് നടത്തിയത്. ഇത്രയും മത്സരങ്ങളിൽ സെന്റർ ബാക്കായി ഇറങ്ങിയ പ്രീതം കോട്ടാൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ റൈറ്റ് ബാക്കായാണ് ഇറങ്ങിയത്. ആ മാറ്റത്തിന് കാരണം ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ചിന്റെ വാക്കുകളാണെന്ന് വ്യക്തമാണ്.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ പ്രീതം കോട്ടാലിനെ കളിപ്പിക്കാതിരുന്നതിന്റെ കാരണം ചോദിച്ചപ്പോൾ സ്റ്റിമാച്ച് പറഞ്ഞത് റൈറ്റ് ബാക്ക് സ്ഥാനത്തേക്കാണ് താരത്തെ പരിഗണിക്കുന്നതെന്നും സെന്റർ ബാക്കായി ഒരിക്കലും പരിഗണിക്കുന്നില്ലെന്നുമാണ്. റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് പ്രീതത്തിനെ പരിഗണിക്കണമെങ്കിൽ ക്ലബിൽ ആ പൊസിഷനിൽ താരം സ്ഥിരമായി കളിക്കേണ്ടതുണ്ടെന്നും സ്റ്റിമാച്ച് പറഞ്ഞിരുന്നു. ആ വാക്കുകൾ ഇവാൻ ഗൗരവത്തിലെടുത്തുവെന്നാണ് മനസിലാക്കേണ്ടത്.

ഇവാൻ റൈറ്റ് ബാക്ക് സ്ഥാനത്ത് പ്രീതത്തിനു നൽകിയ അവസരം ഇന്ത്യൻ ടീമിലേക്ക് താരത്തിന് സ്ഥാനം ഉറപ്പിക്കാനുള്ള അവസരം കൂടിയാണ്. ഹൈദെരാബാദിനെതിരെ റൈറ്റ് ബാക്കായി ഇറങ്ങിയ പ്രീതം മികച്ച പ്രകടനം നടത്തിയിരുന്നു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചു നിന്ന താരത്തിന് ഒരു അസിസ്റ്റ് ലഭിക്കേണ്ടത് നിർഭാഗ്യം കൊണ്ടാണ് നഷ്‌ടമായത്. അടുത്ത മത്സരത്തിലും താരം തന്നെയാകും റൈറ്റ് ബാക്ക് സ്ഥാനത്ത് ഇറങ്ങുന്നുണ്ടാവുക.

അതേസമയം പ്രീതത്തിനെ റൈറ്റ് ബാക്കായി ഇറക്കുന്നത് ടീമിലെ പ്രധാന റൈറ്റ് ബാക്കായ പ്രബീർ ദാസിന്റെ അവസരങ്ങൾ ഇല്ലാതാക്കുമെന്ന കാര്യത്തിൽ സംശയമില്ല. മൂന്നു മത്സരങ്ങളിലെ വിലക്ക് കഴിഞ്ഞു തിരിച്ചെത്തിയ താരത്തിന് കഴിഞ്ഞ മത്സരത്തിൽ ഇഞ്ചുറി ടൈമിലാണ് അവസരം ലഭിച്ചത്. പ്രീതം റൈറ്റ് ബാക്കായി കളിക്കുമ്പോൾ സെന്റർ ബാക്കായി ഡ്രിഞ്ചിച്ചിനൊപ്പം ഹോർമിപാമാണ് കളിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ക്ലീൻ സ്വന്തമാക്കിയിരുന്നു.

Stimac Reason Pritam Kotal Plays As A Right Back