“ഐഎസ്എല്ലിൽ അവനെപ്പോലെയുള്ള വളരെക്കുറച്ച് കളിക്കാരേയുള്ളൂ”- ബ്ലാസ്റ്റേഴ്‌സ് താരത്തെ പ്രശംസിച്ച് ഇവാൻ വുകോമനോവിച്ച് | Vukomanovic

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇതുവരെയുള്ള സീസൺ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഏഴു മത്സരങ്ങൾ കളിച്ച അവർ അതിൽ അഞ്ചെണ്ണത്തിലും വിജയിക്കുകയും ഒന്നിൽ മാത്രം തോൽവി വഴങ്ങുകയും ചെയ്‌ത്‌ ഇതുവരെയില്ലാത്ത തരത്തിലുള്ള ഒരു തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് സീസണിൽ മൂന്നു തവണ ഫൈനലിൽ എത്തിയിട്ടും ഇതുവരെ കിരീടം നേടാൻ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സിന് അതിനാൽ തന്നെ ഈ സീസണിൽ വളരെയധികം പ്രതീക്ഷയുമുണ്ട്.

ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് ബ്ലാസ്റ്റേഴ്‌സ് ഈ കുതിപ്പ് നടത്തുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ പരിക്കിന്റെ ബുദ്ധിമുട്ടുകൾ നേരിട്ട ബ്ലാസ്റ്റേഴ്‌സിന് ഓരോ മത്സരങ്ങളിലും സമാനമായ തിരിച്ചടികൾ നേരിട്ടു. ഇപ്പോഴും ടീമിലെ പ്രധാന താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിനിടയിൽ ചിലർക്ക് വിലക്കും ലഭിച്ചെങ്കിലും പകരക്കാരായി വന്ന താരങ്ങൾ അതിന്റെ അഭാവം മറച്ചു വെക്കുന്ന പ്രകടനമാണ് നടത്തുന്നത്.

പകരക്കാരായി വന്നു മികച്ച പ്രകടനം നടത്തുന്ന താരങ്ങളെക്കുറിച്ച് പറയുമ്പോൾ തന്നെ അവസരങ്ങൾ ഇല്ലാത്ത താരങ്ങളെയും പരാമർശിക്കേണ്ടതാണ്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരതാരമായ ഇഷാൻ പണ്ഡിറ്റക്ക് അവസരങ്ങൾ ഇല്ലാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നേരിട്ട ചോദ്യത്തിന് പരിശീലകൻ നൽകിയ മറുപടി ഇതായിരുന്നു. “ഇഷാൻ വിദേശത്തു നിന്നിട്ടുള്ള, അവിടെ നിന്നും വിദ്യാഭ്യാസം നേടിയിട്ടുള്ള താരമാണ്. ഐഎസ്എല്ലിൽ ആ പൊസിഷനിലുള്ള വളരെക്കുറച്ച് താരങ്ങളിലൊരാളാണ് ഇഷാൻ.”

“ദേശീയ ടീമിനൊപ്പവും ഉയർന്ന തലത്തിലുള്ള പ്രകടനം നടത്താൻ താരത്തിന് കഴിയും. ഇതുപോലെയുള്ള താരങ്ങൾ ഒരു ക്ലബിനു വളരെ പ്രധാനമാണ്. ഇതുപോലെയുള്ള പ്രോജെക്റ്റുകളിൽ ഒരുമിച്ച് ജോലി ചെയ്യുകയും, അവരെ കൂടുതൽ മെച്ചപ്പെടുത്തുകയും അവർ കൂടുതൽ പ്രാധാന്യമുള്ളവരാണെന്ന് മനസിലാക്കിക്കൊടുത്ത് ഭാവിയിൽ ഉയർന്ന നിലയിലേക്ക്, പ്രത്യേകിച്ചും ഇന്ത്യൻ ടീമിൽ വളരെ ഉയരത്തിലെത്താൻ കഴിയുമെന്ന് മനസിലാക്കി നൽകുന്നതും വളരെ പ്രധാനമാണ്.” ഇഷാൻ പറഞ്ഞു.

ഈ സീസണിൽ ആകെ മൂന്നു മത്സരങ്ങൾ കളിച്ച ഇഷാൻ പണ്ഡിറ്റ അതിൽ മൂന്നിലും പകരക്കാരനായിരുന്നു. വളരെ കുറച്ച് മിനുട്ടുകൾ മാത്രമാണ് താരത്തിന് ലഭിച്ചിരിക്കുന്നത് എന്നതിൽ ആരാധകരിൽ പലരും അതൃപ്‌തരാണ്. ഇവാൻ താരത്തെ പ്രശംസിക്കാറുണ്ടെങ്കിലും കൂടുതൽ മിനുട്ടുകൾ നൽകി താരത്തിന് എന്തിനാണ് കഴിയുകയെന്ന് തെളിയിക്കാനുള്ള അവസരം നൽകേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ ഇന്ത്യക്ക് മികച്ചൊരു സ്‌ട്രൈക്കർ ഉണ്ടായി വരികയുള്ളൂ.

Ivan Vukomanovic Praise Ishan Pandita