എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനിയും അവസരമുണ്ട്, ഉറപ്പാക്കേണ്ടത് ചില കാര്യങ്ങൾ മാത്രം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ മോശം ഫോമിലേക്ക് വീണ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ കിരീടം നേടാൻ സാധ്യതയുള്ള ടീമായി കരുതിയിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ തകർന്നടിയുകയാണ്. രണ്ടാം പകുതിയിൽ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി.

എന്നാൽ ഈ തോൽവികളുടെ ഇടയിലും ഈ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടെന്നതാണ് സത്യം. കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും മികച്ച ടീമായ എഫ്‌സി ഗോവയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കീഴടക്കിയതോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ വർധിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം.

നിലവിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും ഇരുപത്തിയാറു പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. അത്രയും മത്സരങ്ങൾ കളിച്ച് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒഡിഷ എഫ്‌സിക്ക് മുപ്പത്തിയൊന്നു പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും നിൽക്കുന്ന ടീമുകൾ തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും അഞ്ചാണെന്നതിനാൽ അത് മറികടക്കാൻ കഴിയും.

സീസണിന്റെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ പല ടീമുകളുടെയും സ്വഭാവം തന്നെ മാറിയിട്ടുണ്ട്. വമ്പൻമാരിൽ പലരും തോൽവി വഴങ്ങുന്നുണ്ട് എന്നതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് മുന്നേറാനുള്ള അവസരമുണ്ട്. എന്നാൽ അതിനു ബ്ലാസ്റ്റേഴ്‌സ് ചെയ്യേണ്ട ഒരേയൊരു കാര്യം ഇനി ബാക്കിയുള്ള ഏതാനും മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുകയും വിജയം നേടുകയുമാണ്.

നിരവധി താരങ്ങൾക്ക് പരിക്ക് പറ്റിയത് ബ്ലാസ്റ്റേഴ്‌സ് ടീമിനെ ബാധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനു പകരം ടീമിലെത്തിയ താരങ്ങൾ ഫോം കണ്ടെത്തിയാൽ നിലവിലെ തിരിച്ചടികളെ മറികടക്കാൻ ടീമിന് കഴിയും. ബാക്കിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരുമുള്ളത്.

Kerala Blasters Can Still Win Every Title

ISLKBFCKerala Blasters
Comments (0)
Add Comment