ആ കൈമാറ്റം കൊണ്ട് ബ്ലാസ്റ്റേഴ്‌സ് എന്തു നേട്ടമുണ്ടാക്കി, മോഹൻ ബഗാനെ ഫൈനലിലെത്തിച്ച് സഹൽ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിനു മുന്നോടിയായി ആരാധകരെ മുഴുവൻ ഞെട്ടിച്ച ഒരു ട്രാൻസ്‌ഫർ ആയിരുന്നു സഹൽ അബ്‌ദുൾ സമദിനെ മോഹൻ ബഗാന് നൽകി പ്രീതം കോട്ടാലിനെ നൽകിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖമായി ഏവരും കരുതിയിരുന്ന സഹലിനെ വിൽക്കാനുള്ള തീരുമാനത്തിനെതിരെ അന്ന് ആരാധകരിൽ പലരും രംഗത്ത് വരികയും ചെയ്‌തു.

എന്നാൽ ഒരു വിഭാഗം ആരാധകർ അതിനു അനുകൂലമായിരുന്നു. അഡ്രിയാൻ ലൂണ ടീമിലുള്ളതിനാൽ സഹലിനു തന്റെ ശൈലിയിൽ സ്വതന്ത്രമായി കളിക്കാൻ കഴിയില്ലെന്ന് അവർ വിലയിരുത്തി. പ്രീതം കോട്ടാലിനെ പോലെ പരിചയസമ്പത്തും നേതൃഗുണവുമുള്ള ഒരു താരം ടീമിലേക്ക് വന്നാൽ അത് ബ്ലാസ്റ്റേഴ്‌സിന് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ സീസൺ അവസാനിക്കുമ്പോൾ ആ ട്രാൻസ്‌ഫർ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടവും മോഹൻ ബഗാന് നേട്ടവുമാണ് ഉണ്ടായത്. പ്രീതം കോട്ടാലിനു കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മികച്ച പ്രകടനം നടത്താൻ കഴിയാതെ വന്നപ്പോൾ മോഹൻ ബഗാനിൽ സഹൽ തിളങ്ങി. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ ഒഡിഷക്കെതിരെ മോഹൻ ബഗാന്റെ വിജയഗോൾ നേടാനും താരത്തിന് കഴിഞ്ഞു.

സഹൽ മോഹൻ ബഗാനിൽ തിളങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്‌സിൽ താളം കണ്ടെത്താൻ പ്രീതത്തിനു കഴിഞ്ഞില്ല. സെന്റർ ബാക്കായും റൈറ്റ് ബാക്കായും ടീമിൽ ഇറങ്ങിയ താരത്തിന് ശരാശരി നിലവാരത്തിലുള്ള പ്രകടനം മാത്രമേ നടത്താൻ കഴിഞ്ഞുള്ളു. ഐഎസ്എല്ലിലെ തന്നെ ഏറ്റവും വലിയ കൈമാറ്റക്കരാറിൽ എത്തിയ താരത്തിന് ആരാധകരുടെ മനസിലും ഇടം പിടിക്കാൻ കഴിഞ്ഞില്ല.

അതേസമയം കിരീടം നേടണമെന്ന ആഗ്രഹവുമായി മോഹൻ ബഗാനിലേക്ക് ചേക്കേറിയ സഹൽ സ്വപ്‌നനേട്ടത്തിന്റെ അരികിലാണ്. ഐഎസ്എൽ ഷീൽഡ് ബഗാൻ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ഇനി ഫൈനൽ കൂടി വിജയിച്ചാൽ സഹലിന് ആദ്യ സീസൺ തന്നെ സ്വപ്‌നസാക്ഷാത്കാരത്തിന്റേതായി മാറും. താരത്തെ ഒഴിവാക്കിയ ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന് കടുത്ത നിരാശയുടെ സീസണും.

Kerala Blasters Not Benefitted From Sahal Pritam Swap Deal

Kerala BlastersMohun BaganPritam KotalSahal Abdul Samad
Comments (0)
Add Comment