ഇഞ്ചുറി ടൈമിൽ കിടിലൻ ഗോൾ, സന്തോഷ് ട്രോഫിയിൽ വിജയം തുടർന്ന് കേരളം

സന്തോഷ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. ഇന്ന് രാവിലെ ഒഡിഷയിൽ വെച്ച് നടന്ന ഫൈനൽ റൌണ്ട് മത്സരത്തിൽ ഗോവയുടെ വെല്ലുവിളി അതിജീവിച്ച് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളിലും ആധികാരികമായ ജയം സ്വന്തമാക്കിയ കേരളത്തിന് ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിലെ വിജയം സെമി ഫൈനലിലേക്ക് കടക്കാൻ കഴിയുമെന്ന പ്രതീക്ഷകൾ നൽകുന്നു.

മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ നിജോ ഗിൽബർട്ടിലൂടെ കേരളം മുന്നിൽ കടന്നിരുന്നു. ആദ്യപകുതിയിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ റിസ്വാൻ അലി കേരളത്തിനായി ഒരു ഗോൾ കൂടി നേടിയതോടെ ഗോവ അനായാസം കീഴടങ്ങുമെന്നാണ് തോന്നിച്ചത്. എന്നാൽ അവിടെ നിന്നും ആക്രമണം ശക്തമാക്കിയ ഗോവക്കായി മുഹമ്മദ് ഹഫീസ് രണ്ടു ഗോളുകൾ പന്ത്രണ്ടു മിനുറ്റിനിടെ തിരിച്ചടിച്ച് മത്സരത്തിലേക്ക് ഗംഭീരമായ തിരിച്ചു വരവ് നടത്തി.

എന്നാൽ ഒരു പോയിന്റ് പോലും നഷ്‌ടപ്പെടുത്താൻ കേരളത്തിന്റെ പോരാട്ടവീര്യം സമ്മതിച്ചില്ല. സന്തോഷ് ട്രോഫിയുടെ ആദ്യത്തെ റൗണ്ടിൽ നടന്ന അഞ്ചു മത്സരങ്ങളിൽ നിന്നും ഇരുപത്തിനാലു ഗോളുകൾ നേടിയ ടീം പകരക്കാരനായി ഇറങ്ങിയ ആസിഫിലൂടെ വിജയം നേടി. ഇഞ്ചുറി ടൈമിലാണ് വിജയം ഉറപ്പിക്കുകയും മൂന്നു പോയിന്റുകൾ നേടുകയും ചെയ്‌ത ഗോൾ ആസിഫ് നേടുന്നത്. ഇതോടെ ഗ്രൂപ്പിലെ ആദ്യ മത്സരം വിജയത്തോടെ തുടങ്ങാൻ കേരളത്തിനായി.

ഫൈനൽ റൗണ്ടിൽ ആറു വീതം ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളായാണ് പോരാട്ടങ്ങൾ നടക്കുക. ഈ രണ്ടു ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങൾ നേടുന്ന ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. കേരളത്തിനും ഗോവക്കും പുറമെ ഒഡിഷ, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. സെമി ഫൈനൽ മുതലുള്ള എല്ലാ മത്സരങ്ങളും സൗദിയിൽ വെച്ചാണ് നടക്കുന്നത്. താരങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളിൽ പരിശീലനം നടത്താൻ കൂടി വേണ്ടിയാണിത്.