“ഞാൻ ലോകകപ്പിനു മുൻപ് പറഞ്ഞതു തന്നെ സംഭവിച്ചു”- അർജന്റീനയുടെ വിജയത്തെക്കുറിച്ച് റോബർട്ട് ലെവൻഡോസ്‌കി

ഖത്തർ ലോകകപ്പിൽ വിജയം നേടിയതോടെ മുപ്പത്തിയാറു വർഷമായി ലോകകപ്പ് നേടിയിട്ടില്ലെന്ന ചീത്തപ്പേരാണ് അർജന്റീന മായ്ച്ചു കളഞ്ഞത്. അതിനൊപ്പം ടീമിലെ സൂപ്പർതാരമായ ലയണൽ മെസിയുടെ കരിയറിന് പൂർണത നൽകാനും ആ കിരീടനേട്ടത്തിനു കഴിഞ്ഞു. ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും നേരത്തെ സ്വന്തമാക്കിയ ലയണൽ മെസി ദേശീയ ടീമിനൊപ്പം ഒന്നര വർഷത്തിനിടെ കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നീ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.

ലോകകപ്പിൽ ഇറങ്ങിയ പല ടീമുകളെയും വെച്ചു നോക്കുമ്പോൾ അർജന്റീനയുടെ ടീം അത്ര മികച്ചതായിരുന്നു എന്നു പറയാൻ കഴിയില്ല. എങ്കിലും ലയണൽ മെസിയെന്ന താരത്തിന്റെ സാന്നിധ്യവും ലയണൽ സ്‌കലോണി എന്ന പരിശീലകന്റെ തന്ത്രങ്ങളും അവരെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. അതേസമയം അർജന്റീനയുടെ കിരീടനേട്ടത്തിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്നും താനത് നേരത്തെ പ്രതീക്ഷിച്ചിരുന്നു എന്നുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികളായിരുന്ന പോളണ്ട് താരം ലെവൻഡോസ്‌കി പറയുന്നത്.

“ഞാൻ ലോകകപ്പിനു മുൻപു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു, അവരാണ് കിരീടം നേടാൻ സാധ്യതയുള്ള ടീമെന്ന്. ആരൊക്കെ എപ്പോഴൊക്കെ ചോദിക്കുമ്പോഴും സാധ്യതയുള്ള ടീമായി ഞാൻ പറഞ്ഞത് അർജന്റീനയെ ആയിരുന്നു. സൗദി അറേബ്യക്കെതിരെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയപ്പോഴും അവർ തന്നെ ഫൈനലിൽ എത്തുമെന്നും വിജയം നേടുമെന്നും എനിക്ക് ഉറപ്പായിരുന്നു.” സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിനോട് സംസാരിക്കുമ്പോൾ റോബർട്ട് ലെവൻഡോസ്‌കി പറഞ്ഞു. അർജന്റീനയും പോളണ്ടും തമ്മിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ലയണൽ മെസിയോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചും താരം പ്രതികരിച്ചു.

“ഞങ്ങൾ എന്തു സംസാരിച്ചുവെന്നതിനെക്കുറിച്ച് ഞാൻ പറയുന്നില്ല, പക്ഷെ അത് രണ്ടു പേരും അംഗീകരിച്ച കാര്യങ്ങളായിരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾ സ്വകാര്യമാണ് എന്നതിനാൽ തന്നെ അതിനെക്കുറിച്ച് വിശദീകരിച്ചു പറയേണ്ട കാര്യമില്ല, പക്ഷെ അത് നല്ലതായിരുന്നു. ലയണൽ മെസിയെ സംബന്ധിച്ച് സ്വപ്‌നം സഫലമായി. ഫുട്ബോളിൽ എല്ലാം താരം നേടിയെടുത്തു. ലോകത്തിലെ ഏറ്റവും മികച്ച താരം അത് ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. അത് താരത്തിനും അർജന്റീനക്കും എത്ര മനോഹരമായിരിക്കും. എത്ര നന്നായാണ് മെസി കളിച്ചത്, ലോകം അത് കണ്ടു.” ലെവൻഡോസ്‌കി പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിലാണ് പോളണ്ടും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന വിജയം നേടിയ മത്സരത്തിനു ശേഷം മെസിയുമായി സംസാരിച്ചത് എന്താണെന്ന് ലെവൻഡോസ്‌കി വെളിപ്പെടുത്തിയില്ലെങ്കിലും രണ്ടു താരങ്ങളും തമ്മിൽ മത്സരത്തിന്റെ ഇടയിലുണ്ടായ പ്രശ്‌നങ്ങളെ അത് ലഘൂകരിച്ചുവെന്നതിൽ സംശയമില്ല. ആ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും അർജന്റീനക്ക് പിറകിൽ രണ്ടാം സ്ഥാനക്കാരായി പോളണ്ട് പ്രീ ക്വാർട്ടറിൽ എത്തിയിരുന്നു.

ArgentinaLionel MessiPolandQatar World CupRobert Lewandowski
Comments (0)
Add Comment