ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസിയെന്നത് സംശയമില്ലാത്ത കാര്യമാണ്. അപാരമായ പ്രതിഭ സ്വന്തമായുള്ള താരം അത് കളിക്കളത്തിൽ സ്ഥിരമായി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു. ലയണൽ മെസിയുടെ മികവ് കൊണ്ടു തന്നെ താരം ചരിത്രത്തിലെ ഏറ്റവും മികച്ചതാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും ദേശീയ ടീമിനൊപ്പം കിരീടങ്ങൾ ഇല്ലാത്തപ്പോൾ അതിനെ പലരും ചോദ്യം ചെയ്തു.
അതേസമയം ലയണൽ ആ വിമർശനങ്ങളെല്ലാം ഇല്ലാതാക്കിയാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും ലയണൽ മെസിയും സംഘവും അർജന്റീന ടീമിനൊപ്പം നേടിയെടുത്തത്. ലോകകപ്പ് അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കി മുപ്പത്തിയഞ്ചാം വയസിൽ തന്റെ സ്വപ്നം പൂവണിയിക്കാൻ മെസിക്ക് കഴിഞ്ഞു. 2014ൽ തൊട്ടരികിൽ എത്തിയിട്ടും മാറി നിന്നു നോക്കേണ്ടി വന്ന കിരീടമിപ്പോൾ ലയണൽ മെസിയുടെ സ്വന്തമാണ്.
Leo Messi: “The biggest happines in football? To be a World Champion.” @BolavipAr 🗣️🏆 pic.twitter.com/p14aEjELft
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 7, 2023
കഴിഞ്ഞ ദിവസം പുറത്തു വന്ന അഭിമുഖത്തിലും ലയണൽ മെസി ലോകകപ്പ് നേട്ടത്തെ അത്രയധികം മൂല്യമുള്ള ഒന്നായാണ് പരാമർശിക്കുന്നത്. ഫുട്ബോളിൽ നിന്നും ലഭിച്ച ഏറ്റവും സന്തോഷമുള്ള കാര്യം എന്താണെന്ന് ലയണൽ മെസിയോട് ചോദിക്കുമ്പോൾ ഒരു ലോകകപ്പ് ജേതാവാകാൻ കഴിഞ്ഞതാണെന്നാണ് അർജന്റീന നായകൻ മറുപടി നൽകിയത്. ബോലാ വിപിയോട് സംസാരിക്കുമ്പോഴാണ് ലയണൽ മെസി ഇക്കാര്യം വെളിപ്പെടുത്തിയത്.
ലയണൽ മെസിക്ക് മാത്രമല്ല, ലയണൽ മെസിയുടെയും അർജന്റീനയുടെയും ആരാധകർക്കും ഏറ്റവുമധികം സന്തോഷം നൽകിയ ഒന്ന് തന്നെയാണ് അർജന്റീന ടീമിന്റെ ലോകകപ്പ് നേട്ടം. ഒട്ടനവധി പരിഹാസരങ്ങൾ ഏറ്റു വാങ്ങിയ ഫാൻസിന് മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്. ആ കാത്തിരിപ്പ് അർജന്റീന അവസാനിപ്പിച്ചത് ഏറ്റവും മനോഹരമായ രീതിയിലുമാണ്. അതുകൊണ്ടു തന്നെയാണ് അതിന്റെ ആഘോഷങ്ങൾ ഇനിയും അവസാനിക്കാത്തതും.
Content Highlights: Lionel Messi Says Biggest Happiness In Football Is Being A World Champion