“വീണു പോയപ്പോൾ പിന്തുണച്ചവർക്ക് നന്ദി, നിങ്ങളില്ലെങ്കിൽ ഇതു സാധ്യമാകില്ല”- ആരാധകർക്ക് പുതുവർഷ സന്ദേശവുമായി ലയണൽ മെസി | Lionel Messi

ലയണൽ മെസിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച വർഷമാണ് 2022 എന്ന കാര്യത്തിൽ സംശയമില്ല. പിഎസ്‌ജിയിൽ മികച്ച ഫോമിൽ കളിക്കുകയായിരുന്ന താരം അതിനു ശേഷം ലോകകപ്പിനായി ഇറങ്ങുകയും ടീമിനെ മുന്നിൽ നിന്നു നയിച്ച് കിരീടം സ്വന്തമാക്കുകയും ചെയ്‌തു. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപ്‌നമാണ് ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ആരാധകർക്ക് പുതുവർഷസന്ദേശം നൽകുമ്പോൾ എല്ലാവരുടെയും പിന്തുണയും സ്നേഹവും ഇല്ലായിരുന്നെങ്കിൽ ഇതൊരിക്കലും സാധ്യമാകില്ലെന്നാണ് മെസി പറഞ്ഞത്.

“എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത ഒരു വർഷത്തിന് അവസാനമായിരിക്കുന്നു. ഞാൻ തേടിയിരുന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അതൊരു മനോഹരമായ കുടുംബത്തിനൊപ്പം, ഒരാൾക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച കുടുംബത്തിനൊപ്പം പങ്കുവെക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയൊരു കാര്യവുമില്ല. അതുപോലെ തന്നെ എന്നെ എല്ലായിപ്പോഴും പിന്തുണക്കുന്ന, ഞാൻ ഓരോ തവണയും വീണു പോയപ്പോൾ തളർന്നു പോകാതെ പിടിച്ചു നിർത്തിയ സുഹൃത്തുക്കളും.” തന്റെ മൂന്നു മക്കളുടെയും ഭാര്യയുടെയും ഒപ്പമുള്ള ചിത്രത്തിനൊപ്പം മെസി കുറിച്ചു.

“എന്നെ പിന്തുണക്കുകയും പിന്തുടരുകയും ചെയ്യുന്ന എല്ലാവരിലും നല്ല ഓർമകളായി നിറയാൻ ആഗ്രഹിക്കുന്നു, ഈ മനോഹരമായ യാത്ര നിങ്ങൾക്കൊപ്പം പങ്കു വെക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. എന്റെ രാജ്യത്തു നിന്നും, പാരീസിൽ നിന്നും ബാഴ്‌സയിൽ നിന്നും വിവിധ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നും ലഭിച്ച സ്നേഹം ഇല്ലായിരുന്നെങ്കിൽ ഞാനിപ്പോഴുള്ള സ്ഥലത്ത് എനിക്ക് എത്താൻ കഴിയില്ലായിരുന്നു. ഈ വർഷം എല്ലാവര്ക്കും മനോഹരമാകുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവര്ക്കും 2023ൽ എല്ലാവര്ക്കും ആരോഗ്യവും കരുത്തും സന്തോഷവും ആശംസിക്കുന്നു. നിങ്ങൾക്കെന്റെ ആലിംഗനങ്ങൾ.” മെസി കുറിച്ചു.

2022ൽ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയ ലയണൽ മെസി 2023നെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. മികച്ച ഫോമിൽ കളിക്കുന്ന താരം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിക്ക് ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാം എന്ന പ്രതീക്ഷയിലാണ്. അടുത്ത ദിവസം തന്നെ നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ടീമിനൊപ്പം മെസി ചേരും. അതിനു പുറമെ ഈ വർഷത്തെ ബാലൺ ഡി ഓർ അടക്കമുള്ള വിവിധ പുരസ്‌കാരങ്ങളും ലയണൽ മെസിയെ കാത്തിരിക്കുന്നു.

ArgentinaFIFA World CupLionel MessiPSG
Comments (0)
Add Comment