ഒരുപാട് നാളുകൾക്ക് ശേഷം ലയണൽ മെസി കളിക്കളത്തിൽ ഇറങ്ങിയ ദിവസമായിരുന്നു ഇന്ന്. നവംബറിൽ ലോകകപ്പ് യോഗ്യത മത്സരം കളിച്ചതിനു ശേഷം പിന്നീട് അവധി ദിവസങ്ങൾ ആഘോഷിക്കാൻ പോയ ലയണൽ മെസി ഇന്റർ മിയാമിക്കൊപ്പം എംഎൽഎസ് സീസൺ ആരംഭിക്കുന്നതിനു മുൻപുള്ള സൗഹൃദ മത്സരത്തിലാണ് ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ മാത്രമാണ് താരം കളിച്ചത്.
എൽ സാൽവദോർ ടീമിനെതിരെയാണ് ലയണൽ മെസി കളിക്കാനിറങ്ങിയത്. മത്സരം കളിക്കാനായി എൽ സാൽവദോറിൽ എത്തിയ ലയണൽ മെസിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എയർപോർട്ടിന് വെളിയിലും ലയണൽ മെസി താമസിക്കുന്ന ഹോട്ടലിനു പുറത്തുള്ള തെരുവുകളിലുമെല്ലാം ആയിരക്കണക്കിന് ആരാധകർ രാത്രിയിലും താരത്തെ കാണാൻ കാത്തു നിന്നിരുന്നു.
This ain't Argentina. This is El Salvador 🤯
Messi has the streets everywhere he goes 🐐 pic.twitter.com/eYzW8eEUsI
— Max Stéph (@maxstephh) January 20, 2024
മത്സരത്തിനുള്ള സ്റ്റേഡിയത്തിലും ആരാധകർ നിറഞ്ഞു കവിഞ്ഞിരുന്നു. സ്വന്തം ടീമാണ് കളിക്കുന്നതെങ്കിലും അർജന്റീന ടീമിന്റെ ജേഴ്സിയുമായി നിരവധി ആരാധകർ ലയണൽ മെസിക്ക് പിന്തുണ നൽകാൻ എത്തിയിരുന്നു. മത്സരത്തിന്റെ ആദ്യപകുതി മുഴുവൻ കളിച്ച ലയണൽ മെസിയുടെ ഓരോ നീക്കങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ആരാധകർക്ക് നല്ലൊരു വിരുന്നൊരുക്കാൻ ലയണൽ മെസിക്കും കഴിഞ്ഞു. മികച്ച ഒറ്റയാൻ നീക്കങ്ങളും അതിനു പുറമെ സുവാരസ്, ബുസ്ക്വറ്റ്സ്, ആൽബ എന്നിവരുമായി ചേർന്ന് നടത്തിയ നീക്കങ്ങളുമെല്ലാം വളരെ മികച്ചതായിരുന്നു. നിരവധി തവണ താരം ഗോളിനടുത്ത് എത്തിയെങ്കിലും അൽ സാൽവദോർ ഗോൾകീപ്പർ അതെല്ലാം രക്ഷപ്പെടുത്തി.
തീർത്തും അപ്രധാനമായ മത്സരമായതിനാൽ തന്നെ അതിന്റെ അനായാസത്തോടെയാണ് ലയണൽ മെസിയും സംഘവും കളിച്ചത്. രണ്ടാം പകുതിയിൽ ടീമിലെ മറ്റു താരങ്ങൾക്കും അവസരം നൽകുകയുണ്ടായി. എന്നാൽ അവർക്കൊന്നും വിജയം നേടിക്കൊടുക്കാൻ കഴിഞ്ഞില്ല. അടുത്ത പ്രീ സീസൺ മത്സരത്തിൽ എഫ്സി ഡള്ളാസിനെതിരെയാണ് മെസിയും സംഘവും ഇറങ്ങുന്നത്.
Lionel Messi Received Huge Reception In El Salvador