“ലൂണയെന്ന നായകൻ ടീമിന് ഏറ്റവും പ്രധാനപ്പെട്ടതാണ്”- മുന്നേറ്റനിരയിലെ സഖ്യത്തെക്കുറിച്ച് സഹപരിശീലകൻ പറയുന്നു | Luna

“ലൂണയെന്ന നായകൻ ടീമിന് ഏറ്റവും പ്രധാനപ്പെട്ടതാണ്”- മുന്നേറ്റനിരയിലെ സഖ്യത്തെക്കുറിച്ച് സഹപരിശീലകൻ പറയുന്നു | Luna

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ചെറിയൊരു ആശങ്ക ആരാധകർക്കുണ്ട്. ഈ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടിയതിന്റെ ആത്മവിശ്വാസം ടീമിനുണ്ടെങ്കിലും എതിരാളികൾ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ മുംബൈ സിറ്റിയാണെന്നതാണ് ആശങ്കയുടെ കാരണം. മുംബൈ സിറ്റിയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുന്നതെന്നത് കൂടുതൽ ആശങ്കക്ക് കാരണമാകുന്നു.

മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള റെക്കോർഡുകൾ വളരെ മോശമാണ്. 2018നു ശേഷം ഇതുവരെ മുംബൈയുടെ മൈതാനത്ത് വിജയം നേടാൻ ടീമിന് കഴിഞ്ഞിട്ടില്ല. അതേസമയം ടീമിനുള്ള പ്രധാന പ്രതീക്ഷ സൂപ്പർതാരങ്ങളായ ലൂണ-ദിമിത്രിയോസ് സഖ്യം തിരിച്ചു വന്നതാണ്. ലൂണ ആദ്യത്തെ മത്സരം മുതൽ ഉണ്ടായിരുന്നെങ്കിലും പരിക്കിന്റെ പിടിയിലായിരുന്ന ദിമിത്രിയോസ് കഴിഞ്ഞ മത്സരത്തിലാണ് പകരക്കാരനായി ഇറങ്ങിയത്. മുംബൈ സിറ്റിക്കെതിരെ രണ്ടു താരങ്ങളും ആദ്യ ഇലവനിൽ ഉണ്ടായേക്കും.

ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ടീമിന്റെ സഹപരിശീലകനായ ഫ്രാങ്ക് ദോവൻ ഈ രണ്ടു താരങ്ങളും ടീമിന് വളരെ പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുകയുണ്ടായി. “ലൂണ ടീമിന്റെ നായകനും ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട താരവുമാണ്. ദിമിത്രിയോസിനു പരിക്കായിരുന്നെങ്കിലും നിങ്ങൾ കണ്ടതു പോലെ കഴിഞ്ഞ ആഴ്‌ച നടന്ന മത്സരത്തിൽ താരം ഇറങ്ങി കളിച്ചിരുന്നു. താരത്തിന്റെ തിരിച്ചുവരവിൽ സന്തോഷമുണ്ട്, മുംബൈക്കെതിരെ ഞങ്ങൾ നല്ലത് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ഈ രണ്ടു താരങ്ങളും തമ്മിലുള്ള കെമിസ്ട്രി ജംഷഡ്‌പൂരിനെതിരായ മത്സരത്തിൽ വ്യക്തമായും കണ്ടിരുന്നു. ജംഷഡ്‌പൂർ കനത്ത പ്രതിരോധതന്ത്രങ്ങൾ പയറ്റിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഗോളുകൾ നേടാൻ കഴിയാതെ മത്സരത്തിൽ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ദിമിത്രിയോസ് ഇറങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾക്ക് ശക്തി കൂടി. ലൂണയും ദിമിത്രിയോസും ചേർന്ന ഒരു നീക്കത്തിനൊടുവിൽ ജംഷഡ്‌പൂർ പ്രതിരോധത്തെ നോക്കുകുത്തികളാക്കി ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടുകയും ചെയ്‌തു.

ആദ്യത്തെ രണ്ടു മത്സരങ്ങളിലും ലൂണ ഗോൾ നേടിയപ്പോൾ കളത്തിലിറങ്ങിയ ആദ്യത്തെ മത്സരത്തിൽ തന്നെ ഒരു ഗോളിന് വഴിയൊരുക്കാൻ ദിമിക്ക് കഴിഞ്ഞു. ഗ്രീക്ക് താരത്തിന്റെ ആദ്യത്തെ ഗോൾ മുംബൈ സിറ്റിക്കെതിരെ പിറക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മത്സരം കടുപ്പമേറിയ ഒന്നാണെങ്കിലും രണ്ടു താരങ്ങളും തമ്മിലുള്ള ഒത്തിണക്കം ടീമിന് ഗുണം ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സും ടീമിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്.

Luna Dimi Combo Hope For Kerala Blasters

Adrian LunaDimitrios DiamantakosFrank DouwenISLKerala Blasters
Comments (0)
Add Comment