ഇതുവരെ ഒരൊറ്റ താരം മാത്രം നേടിയ സൂപ്പർ ബാലൺ ഡി ഓർ മെസി സ്വന്തമാക്കും, സാധ്യതകൾ വർധിക്കുന്നു | Messi

ഇന്ന് രാത്രി നടക്കുന്ന ബാലൺ ഡി ഓർ പ്രഖ്യാപനച്ചടങ്ങിനായി കാത്തിരിക്കുകയാണ് ആരാധകർ. ഫുട്ബോൾ ആരാധകർ എന്നതിലുപരിയായി ലയണൽ മെസി ആരാധകരാകും പുരസ്‌കാരം പ്രഖ്യാപിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഖത്തറിൽ വെച്ച് നടന്ന ലോകകപ്പിൽ കിരീടം അർജന്റീനക്കൊപ്പം കിരീടം സ്വന്തമാക്കിയ ലയണൽ മെസി തന്നെ ഇത്തവണ ബാലൺ ഡി ഓർ സ്വന്തമാക്കുമെന്നാണ് ഭൂരിപക്ഷം റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.

ഈ വർഷം കൂടി ബാലൺ ഡി ഓർ സ്വന്തമാക്കിയാൽ ലയണൽ മെസിയുടെ പേരിൽ എട്ടു ബാലൺ ഡി ഓർ പുരസ്‌കാരങ്ങളുണ്ടാകും. മറ്റൊരു താരവും ഇത്രയധികം പുരസ്‌കാരങ്ങൾ നേടിയിട്ടില്ല. ഈ കണക്കിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന റൊണാൾഡോ പോലും അഞ്ചു ബാലൺ ഡി ഓർ മാത്രമേ നേടിയിട്ടുള്ളൂ എന്നതിനാൽ മറ്റൊരാൾക്കും എത്തിപ്പിടിക്കാൻ പ്രയാസമായ നേട്ടമാണ് മെസി കുറിക്കാൻ പോകുന്നത്. ഇതോടെ മെസിക്ക് സൂപ്പർ ബാലൺ ഡി ഓർ സമ്മാനിക്കുമോ എന്ന ചർച്ച ഫുട്ബോൾ ലോകത്ത് സജീവമായി ഉയരുന്നുണ്ട്.

ഫുട്ബോൾ ലോകത്ത് ഇതുവരെ ഒരിക്കൽ മാത്രം സമ്മാനിച്ചിട്ടുള്ള പുരസ്‌കാരമാണ് സൂപ്പർ ബാലൺ ഡി ഓർ. 1989ലാണ് ഫ്രാൻസ് ഫുട്ബോൾ ആദ്യമായും അവസാനമായും സൂപ്പർ ബാലൺ ഡി ഓർ നൽകുന്നത്. 308 ഗോളുകളും പതിനേഴു കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള റയൽ മാഡ്രിഡിന്റെ അർജന്റൈൻ-സ്‌പാനിഷ്‌ ഇതിഹാസമായ ആൽഫ്രെഡോ ഡി സ്‌റ്റെഫാനോയാണ് സൂപ്പർ ബാലൺ ഡി ഓർ സ്വന്തമാക്കിയത്. യോഹാൻ ക്രൈഫ് രണ്ടാം സ്ഥാനത്തും മിഷേൽ പ്ലാറ്റിനി മൂന്നാം സ്ഥാനത്തും വന്നു.

ആ സമയത്ത് യൂറോപ്യൻ താരങ്ങളെ മാത്രമേ അവാർഡിനായി പരിഗണിച്ചിരുന്നുള്ളൂ എന്നതിനാലാണ് പെലെ, മറഡോണ തുടങ്ങിയ താരങ്ങളെല്ലാം അതിൽ നിന്നും തഴയപ്പെട്ടത്. ഇപ്പോൾ വീണ്ടും സൂപ്പർ ബാലൺ ഡി ഓർ നൽകുന്ന കാര്യം ഫ്രാൻസ് ഫുട്ബോൾ പരിഗണിക്കുന്നുണ്ടെന്നാണ് സ്‌പാനിഷ്‌ മാധ്യമം എഎസ് റിപ്പോർട്ടു ചെയ്യുന്നത്. യൂറോപ്പിന് പുറത്തു നിന്നുള്ള താരങ്ങളെയും ഉൾപ്പെടുത്തി നൽകാൻ ഉദ്ദേശിക്കുന്ന അവാർഡ് ആദ്യത്തെ പുരസ്‌കാരത്തിന് 40 വർഷം തികയുന്ന 2029ൽ നൽകാനാണ് ഫ്രാൻസ് ഫുട്ബോൾ ഉദ്ദേശിക്കുന്നത്.

നിലവിലെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ 2029ൽ ഈ പുരസ്‌കാരം നൽകിയാൽ അത് നേടാൻ യോഗ്യനായ ഒരേയൊരു താരം ലയണൽ മെസിയാണെന്നതിൽ യാതൊരു സംശയവുമില്ല. ഫുട്ബോൾ ലോകത്ത് ഇനി നേടാൻ യാതൊന്നും ബാക്കിയില്ലാതെ കരിയർ പൂർണമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ആരാധകരും ഫ്രാൻസ് ഫുട്ബോൾ ജൂറിയും മുൻ ബാലൺ ഡി ഓർ ജേതാക്കളും ചേർന്നാണ് ആദ്യത്തെ സൂപ്പർ ബാലൺ ഡി ഓർ ജേതാവിനെ തിരഞ്ഞെടുത്തതെങ്കിൽ അടുത്ത തവണ അതിൽ മാറ്റമുണ്ടാകുമോ എന്നറിയില്ല.

Messi Could Win Super Ballon Dor In 2029

Ballon D'orFrance FootballLionel MessiSuper Ballon D'or
Comments (0)
Add Comment