“റൊണാൾഡോ, എംബാപ്പെ എന്നിവരേക്കാൾ മികച്ചതാണ് മെസിയെന്നു പറയാനാവില്ല”- ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് പറയുന്നു | Messi

ലോകകപ്പ് കിരീടം നേടുന്നതിനു മുൻപേ തന്നെ ലയണൽ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്ന രീതിയിലുള്ള ചർച്ചകൾ ഉയർന്നു വന്നിരുന്നു. ലോകകപ്പ് നേടിയതോടെ ഫുട്ബോൾ ലോകം മുഴുവൻ അതുറപ്പിക്കുകയും ചെയ്‌തു. ഇനി സ്വന്തമാക്കാൻ നേട്ടങ്ങളൊന്നും ബാക്കിയില്ലാതെ തന്റെ ഫുട്ബോൾ കരിയർ പൂർണതയിലേക്ക് നയിക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞു. ഇപ്പോൾ പെലെ, മറഡോണ എന്നീ ഐതിഹാസിക താരങ്ങൾക്കൊപ്പമാണ് ലയണൽ മെസിക്ക് സ്ഥാനം.

ലയണൽ മെസി നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും മികച്ചതാണെന്ന കാര്യം താരത്തിന്റെ ചില എതിരാളികൾ അല്ലാതെ മറ്റെല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയോട് തോൽവി വഴങ്ങിയ ഫ്രാൻസ് ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാംപ്‌സിനു മാത്രം ഇക്കാര്യത്തിൽ സംശയമുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ എന്നിവരേക്കാൾ മികച്ചതാണ് മെസിയെന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് ദെഷാംപ്‌സ് പറയുന്നത്.

“ലയണൽ മെസി എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണെന്ന് അർജന്റീനയിലുള്ളവർ എല്ലാവരും പറയുന്നു. ലയണൽ മെസി അവരിൽ ഒരാളാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാളും അവരെക്കാൾ ചെറുപ്പമായ കിലിയൻ എംബാപ്പയേക്കാളും മികച്ചതാണ് മെസിയെന്നു പറയുക ബുദ്ധിമുട്ടാണ്.” ബാലൺ ഡി ഓർ ചടങ്ങിനായെത്തിയ ദെഷാംപ്‌സ് ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നവരിൽ എന്നല്ല, ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് താനെന്ന് മെസി എപ്പോഴേ തെളിയിച്ചു കഴിഞ്ഞതാണ്. ഗോളടിക്കാനും അതിനു അവസരങ്ങൾ ഒരുക്കാനും കളിയെ പൂർണമായും നിയന്ത്രിക്കാനും കഴിയുന്ന മറ്റൊരു താരം നിലവിൽ സമകാലീന ഫുട്ബോളിലില്ല. അതുകൊണ്ടു തന്നെ ദെഷാംപ്‌സിന്റെ അഭിപ്രായം ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് തോൽവി വഴങ്ങിയതിന്റെ നിരാശയിൽ നിന്ന് കൂടിയാണെന്ന് അനുമാനിക്കേണ്ടി വരും.

അതേസമയം ഇത്തവണത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയതോടെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരമാണ് മെസിയെ തേടിയെത്തിയിരിക്കുന്നത്. നിലവിൽ ഏറ്റവുമധികം ബാലൺ ഡി ഓർ സ്വന്തമാക്കിയ താരങ്ങളിൽ മറ്റെല്ലാവരേക്കാളും വലിയ വ്യത്യാസത്തിൽ മെസി മുന്നിൽ നിൽക്കുന്നു. മെസിയെ സംബന്ധിച്ച് തന്റെ നേട്ടങ്ങൾ ഒന്നുകൂടി വിപുലമാക്കാൻ അടുത്ത വർഷം അവസരമുണ്ട്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്കയിൽ അർജന്റീനക്ക് തന്നെയാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്.

Deschamps Says Difficut To Say Messi Is Better Than Ronaldo Mbappe

Cristiano RonaldoDidier DeschampsGOATKylian MbappeLionel Messi
Comments (0)
Add Comment