ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ പ്രകടനം പുറത്തെടുത്താണ് ലയണൽ മെസി അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകിയത്. തന്റെ അവസാനത്തെ ലോകകപ്പ് ആകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഖത്തർ ലോകകപ്പിൽ ഏഴു ഗോളുകളും മൂന്നു അസിസ്റ്റുകളുമായി അർജന്റീനയെ കിരീടനേട്ടത്തിലേക്ക് നയിക്കുക വഴി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ചോദ്യങ്ങളില്ലാതെ കയറി നിൽക്കാൻ മെസിക്ക് കഴിഞ്ഞുവന്നതിലും സംശയമില്ല.
ഖത്തർ ലോകകപ്പ് പൂർത്തിയായി രണ്ടു മാസം പിന്നിടുമ്പോൾ ഫിഫ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കാൻ പോവുകയാണ്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഒരു വർഷം മുഴുവനുള്ള പ്രകടനമാണ് കണക്കിലെടുക്കുന്നത് എന്നതിനാൽ ഖത്തർ ലോകകപ്പും പുരസ്‌കാരത്തിന് പരിഗണിക്കുന്ന ടൂർണമെന്റുകളിൽ ഉൾപ്പെടും. പുരസ്‌കാരത്തിന് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന താരവും ലയണൽ മെസിയാണ്.
കഴിഞ്ഞ ദിവസം ഫിഫയുടെ മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരത്തിനുള്ള അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ അതിൽ ലയണൽ മെസിയും താരത്തിന് വെല്ലുവിളി സൃഷ്‌ടിക്കാൻ കരിം ബെൻസിമ, കിലിയൻ എംബാപ്പെ എന്നീ ഫ്രഞ്ച് താരങ്ങളുമാണുള്ളത്. മെസി 2022ൽ ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് സൂപ്പർകപ്പ്, ലോകകപ്പ്, ലോകകപ്പ് ഗോൾഡൻ ബോൾ, ഫൈനലൈസിമ എന്നീ കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് സൂപ്പർകപ്പ്, ലോകകപ്പിലെ ടോപ് സ്‌കോറർ എന്നിവയാണ് എംബാപ്പയുടെ നേട്ടങ്ങൾ.
🚨 Official: Three Finalists of FIFA Men's Best Player of the Year:
— Managing Barça (@ManagingBarca) February 10, 2023
🇦🇷 Lionel Messi
🇫🇷 Karim Benzema
🇫🇷 Kylian Mbappé pic.twitter.com/CUv89f0oxB
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ലീഗ്, ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ചതാണ് ബെൻസിമയുടെ പ്രധാന നേട്ടങ്ങൾ. അതിനു പുറമെ യൂറോപ്യൻ സൂപ്പർ കപ്പും താരം നേടുകയുണ്ടായി. ലോകകപ്പിൽ താരം പരിക്ക് കാരണം കളിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ലയണൽ മെസി തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പുരസ്കാരം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 27നു പാരീസിൽ വെച്ചാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക.