യൂറോപ്യൻ ഫുട്ബോളിനെ അടക്കി ഭരിച്ച ഒരു കാലഘട്ടത്തിനു ശേഷം ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യൂറോപ്പ് വിട്ട് മറ്റു ലീഗുകളിലേക്ക് ചേക്കേറി. ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയപ്പോൾ ലയണൽ മെസി അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിയിലേക്കാണ് എത്തിയത്. രണ്ടു താരങ്ങളും യൂറോപ്പ് വിട്ടത് ആരാധകർക്ക് വലിയ നിരാശ നൽകിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അതേസമയം ലയണൽ മെസിയും റൊണാൾഡോയും മികച്ച പ്രകടനമാണ് അവരവരുടെ ക്ലബുകൾക്കൊപ്പം നടത്തുന്നത്. റൊണാൾഡോ ഖത്തർ ലോകകപ്പിനു ശേഷം തന്നെ സൗദി അറേബ്യയിലേക്ക് ചേക്കേറി ടീമിനായി മികച്ച പ്രകടനം ആരംഭിച്ചിരുന്നു. ടീമിന്റെയും ലീഗിലെയും ടോപ് സ്കോറർമാരിൽ ഒരാളായാണ് താരം സീസൺ അവസാനിപ്പിച്ചത്. അതേസമയം ഈ സമ്മറിൽ ഇന്റർ മിയാമിയിലെത്തിയ ലയണൽ മെസി ഇന്റർ മിയാമിയുടെ തലവര തന്നെ മാറ്റുന്ന പ്രകടനമാണ് നടത്തുന്നത്.
Cristiano Ronaldo and Lionel Messi are both starting their seasons in exactly the same way 🤯 pic.twitter.com/MFe9ybkiTk
— TCR. (@TeamCRonaldo) August 31, 2023
രണ്ടു താരങ്ങളും ഈ സീസണിൽ നടത്തുന്ന പ്രകടനത്തിന് വളരെയധികം സാമ്യതയുണ്ടെന്നതാണ് ഇപ്പോൾ ആരാധകർ ശ്രദ്ധിക്കുന്നത്. മെസിയും റൊണാൾഡോയും പത്ത് വീതം മത്സരങ്ങൾ ടീമിനായി കളിച്ചപ്പോൾ പതിനൊന്നു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നേടിയിരിക്കുന്നത്. രണ്ടു താരങ്ങളും പതിനാലു ഗോളുകളിൽ പങ്കാളിയായതിനു പുറമെ ടീമിന് ഓരോ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്. ഇന്റർ മിയാമി അവരുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടമാണ് മെസി വന്നതിനു ശേഷം സ്വന്തമാക്കിയത്.
അതേസമയം സീസൺ അവസാനിക്കുമ്പോൾ ഇവരുടെ കണക്കുകൾ താരതമ്യം ചെയ്യുന്നത് പ്രായോഗികമല്ല. സൗദി ഫുട്ബോൾ സീസൺ അടുത്തിടെയാണ് ആരംഭിച്ചതെങ്കിൽ അമേരിക്കയിലെ ഫുട്ബോൾ സീസൺ പകുതിയിലധികം പിന്നിട്ടു കഴിഞ്ഞു. ഡിസംബറിൽ അമേരിക്കൻ ലീഗ് അവസാനിക്കുമ്പോൾ സൗദിയിൽ അത് മെയ് മാസം വരെ നീണ്ടു നിൽക്കും. എങ്കിലും രണ്ടു താരങ്ങളും അവരവരുടെ ക്ലബുകൾക്ക് വേണ്ടി ഒരേ പോലെയുള്ള പ്രകടനം നടത്തുന്നതിൽ ആരാധകർ സന്തുഷ്‌ടരാണ്.
Messi Ronaldo Stats With New Clubs