കഴിഞ്ഞ ദിവസമാണ് 2023 ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചത്. മുപ്പതു പേരടങ്ങുന്ന ലിസ്റ്റിൽ ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച താരങ്ങൾ, ഫൈനലിസ്റ്റുകളായ ഫ്രാൻസിന്റെ താരങ്ങൾ, ചാമ്പ്യൻസ് ലീഗ് വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങൾ എന്നിവരാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഒക്ടോബർ മുപ്പതിന് പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ മെസി തന്നെ അവാർഡ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തർ ലോകകപ്പ് നേട്ടം തന്നെയാണ് ലയണൽ മെസിക്ക് എട്ടാമത്തെ ബാലൺ ഡി ഓർ സ്വന്തമാക്കി നൽകുമെന്ന് പ്രതീക്ഷിക്കാനുള്ള പ്രധാന കാരണം. ലോകകപ്പിൽ അർജന്റീനയെ മുന്നിൽ നിന്നു നയിച്ച താരം ഗ്രൂപ്പ് ഘട്ടം മുതൽ എല്ലാ സ്റ്റേജിലും ഗോളുകൾ നേടുകയും ലോകകപ്പിലെ മികച്ച താരമായും രണ്ടാമത്തെ ടോപ് സ്കോററായും തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു. ഇതിനു പുറമെ ഇക്കാലയളവിൽ അൻപതിലധികം ഗോളുകളിൽ പങ്കാളിയാവുകയും ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്‌തത് മെസിക്ക് കൂടുതൽ സാധ്യത നൽകുന്നു.
Lionel Messi will set unique record if he wins Ballon d'Or thanks to Inter Miami-E360hubshttps://t.co/21LVnR5Zhy
— Usa Jaun News (@UsaJaun) September 6, 2023
അതേസമയം ലയണൽ മെസി ബാലൺ ഡി ഓർ പുരസ്‌കാരം നേടിയാൽ ഒരു വമ്പൻ നേട്ടമാകും താരത്തെ കാത്തിരിക്കുന്നത്. ഇതുവരെ 46 താരങ്ങൾ വിവിധ തവണകളായി ഫുട്ബോളിലെ സമുന്നതമായ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ യൂറോപ്പിനു വെളിയിൽ കളിക്കുന്ന ഒരു താരത്തിനു ബാലൺ ഡി ഓർ നേടാൻ കഴിഞ്ഞിട്ടില്ല. നിലവിൽ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ കളിച്ചു കൊണ്ടിരിക്കുന്ന ലയണൽ മെസിക്കാണ് പുരസ്‌കാരമെങ്കിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാകും.
പിഎസ്‌ജി കരാർ അവസാനിച്ചതിനു പിന്നാലെയാണ് ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്. ഇന്റർ മിയാമിക്കൊപ്പം ഗംഭീര പ്രകടനം നടത്തുന്ന താരം എത്തിയതിനു ശേഷം ക്ലബ് ഒരു മത്സരത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ല. അതിനു പുറമെ ക്ലബിന്റെ ചരിത്രത്തിൽ ആദ്യത്തെ കിരീടവും മെസി വന്നതിനു ശേഷം ഇന്റർ മിയാമി സ്വന്തമാക്കി. മെസി ഇത്തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയാൽ അമേരിക്കയിലും അതൊരു ആഘോഷം തന്നെയായിരിക്കും.
Messi To Set Unique Record If He Wins 2023 Ballon Dor