ആരെയും ഡ്രിബിൾ ചെയ്യാനനുവദിക്കാത്ത ഡിഫെൻഡറെ ഏഴു മിനുറ്റിനിടെ മൂന്നു തവണ മറികടന്നു, അതിഗംഭീരപ്രകടനവുമായി മൊഹമ്മദ് അയ്‌മൻ | Mohammed Aimen

എഫ്‌സി ഗോവക്കെതിരെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം ആരാധകർക്കുണ്ടാക്കിയ ആവേശം ചെറുതല്ല. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഒരുപാട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം വിജയം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിനുള്ള സാധ്യതകളും ബ്ലാസ്റ്റേഴ്‌സ് വർധിപ്പിച്ചിട്ടുണ്ട്.

മത്സരത്തിന്റെ അൻപത്തിയൊന്നാം മിനുട്ടിൽ ഡൈസുകെ നേടിയ ഫ്രീകിക്ക് നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിനു തുടക്കമിട്ടത്. എൺപത്തിയൊന്നാം മിനുട്ടിൽ ദിമിത്രിയോസ് പെനാൽറ്റിയിലൂടെ ടീമിന്റെ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. എന്നാൽ മത്സരത്തിന്റെ ഗതിയിൽ വലിയ മാറ്റമുണ്ടായത് അതിനു പിന്നാലെ മൊഹമ്മദ് അയ്‌മനെ കളത്തിലിറക്കിയപ്പോഴായിരുന്നു.

വേഗതയേറിയ നീക്കങ്ങളുമായി മൊഹമ്മദ് അയ്‌മൻ കാലം നിറഞ്ഞു കളിച്ചപ്പോൾ എഫ്‌സി ഗോവ പ്രതിരോധം ആടിയുലഞ്ഞു. അതിൽ തന്നെ പ്രധാനപ്പെട്ട കാര്യം ഗോവയുടെ ഏറ്റവും മികച്ച പ്രതിരോധതാരമായ ഒഡായ് ഓണൈന്ത്യയെ അയ്‌മൻ വെള്ളം കുടിപ്പിച്ചുവെന്നതാണ്. ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളായ ഒഡായ് എതിരാളികളെ ഡ്രിബിൾ ചെയ്യാൻ അനുവദിക്കാത്ത താരമായാണ് അറിയപ്പെട്ടിരുന്നത്.

എന്നാൽ അയ്‌മനു മുന്നിൽ ഒഡായ്ക്ക് രക്ഷയുണ്ടായിരുന്നില്ല. ഏഴു മിനുറ്റിനിടെ മൂന്നു തവണയാണ് ബ്ലാസ്റ്റേഴ്‌സ് യുവതാരം സ്‌പാനിഷ്‌ ഡിഫെൻഡറെ ഡ്രിബിൾ ചെയ്‌തത്‌. അങ്ങിനെയൊരു നീക്കത്തിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ ഗോൾ പിറന്നത്. അയ്‌മന്റെ ക്രോസ് പിടിച്ചെടുക്കാൻ ഗോൾകീപ്പർക്ക് കഴിയാതിരുന്നപ്പോൾ ദിമിത്രിയോസ് അത് വലയിലേക്ക് എത്തിക്കുകയായിരുന്നു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ നേട്ടമാണ് അക്കാദമിയിൽ നിന്നും ഉയർന്നു വന്ന യുവതാരങ്ങളുടെ പ്രകടനം. അയ്‌മൻ, സഹോദരനായ അസ്ഹർ, വിബിൻ മോഹനൻ എന്നീ മലയാളി താരങ്ങളെ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് അവസാനഘട്ടത്തിൽ കളിച്ചത്. അത് ടീമിന്റെ തിരിച്ചുവരവിന് ഗുണം ചെയ്‌തുവെന്നതിൽ യാതൊരു സംശയവുമില്ല.

Mohammed Aimen Dribble Against Odei Onaindia

ISLKBFCKerala BlastersMohammed Aimen
Comments (0)
Add Comment