മെസി ഒറ്റക്കല്ല കിരീടങ്ങൾ നേടിയത്, ഒരു ടീം പിന്നിൽ നിന്നപ്പോഴാണെന്ന് നെയ്‌മർ | Neymar

ദേശീയ ടീമിനൊപ്പം ഒരു കിരീടം നേടുകയെന്ന സ്വപ്‌നത്തിനരികിൽ ലയണൽ മെസി നിരവധി തവണ എത്തിയിരുന്നു. എന്നാൽ രണ്ടു കോപ്പ അമേരിക്ക ഫൈനലിലും ഒരു ലോകകപ്പ് ഫൈനലിലും ദൗർഭാഗ്യം നേരിടേണ്ടി വന്നപ്പോൾ കിരീടമെന്ന നേട്ടത്തിന് മെസിക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നു. ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസി ദേശീയ ടീമിനൊപ്പം കിരീടങ്ങൾ സ്വന്തമാക്കാതിരുന്നത് താരത്തിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമാവുകയും ചെയ്‌തു.

എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ലോകകപ്പ് ഉൾപ്പെടെ സാധ്യമായ എല്ലാ കിരീടങ്ങളും അർജന്റീന സ്വന്തമാക്കിയപ്പോൾ അതിനെ മുന്നിൽ നിന്നു നയിച്ചത് ലയണൽ മെസിയായിരുന്നു. മെസിക്ക് ടീമിലെ എല്ലാ താരങ്ങളും വലിയ പിന്തുണയും നൽകിയിരുന്നു. സമാനമായൊരു പിന്തുണയാണ് തനിക്ക് ബ്രസീൽ ടീമിൽ വേണ്ടതെന്നും ഒറ്റക്ക് വിചാരിച്ചാൽ കിരീടങ്ങൾ നേടാൻ കഴിയില്ലെന്നുമാണ് കഴിഞ്ഞ ദിവസം നെയ്‌മർ നടത്തിയ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.

“എന്റെ പ്രതിഭയെക്കുറിച്ചും എനിക്കെന്തിനാണ് കഴിയുകയെന്നും നന്നായി അറിയാം. ഫുട്ബോൾ എന്നത് വ്യക്തികളുടെ കളിയല്ല. ഏറ്റവും മികച്ച താരങ്ങൾ വിമർശിക്കപ്പെടുന്നത് സ്വാഭാവികമാണ്. ലയണൽ മെസിയുടെ കാര്യം തന്നെയെടുത്താൽ, ദേശീയ ടീമിനൊപ്പം ഒരുപാട് പതറിയ താരം പിന്നീട് ലോകകപ്പ് കിരീടം നേടുകയുണ്ടായി. കാരണം ഒരു ടീം താരത്തെ സഹായിച്ചു, മെസിക്ക് വേണ്ടിയാണ് അവർ കളിച്ചിരുന്നത്.” കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ സംസാരിക്കുമ്പോൾ നെയ്‌മർ പറഞ്ഞു.

ലയണൽ സ്‌കലോണി പരിശീലകനായി എത്തി മെസിക്ക് ചുറ്റും ഒരു ടീമിനെ ഉണ്ടാക്കിയതിന് ശേഷമാണ് അർജന്റീന ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. സമാനമായൊരു രീതിയിൽ ബ്രസീൽ ടീമിനെ നെയ്‌മർക്ക് ചുറ്റും പടുത്തുയർത്തിയാൽ അവർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധ്യതയുണ്ട്. അടുത്ത ലോകകപ്പ് നെയ്‌മറുടെ അവസാനത്തെ ലോകകപ്പ് ആകുമെന്നിരിക്കെ അത് സ്വന്തമാക്കാൻ താരത്തിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Neymar Says Team Helped Messi To Win World Cup

ArgentinaLionel MessiNeymarWorld Cup
Comments (0)
Add Comment