കോപ്പ അമേരിക്ക ടൂർണ്ണമെന്റിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള രാജ്യങ്ങളായ അർജന്റീനയും ബ്രസീലും കളിക്കുന്നുണ്ടെന്നതു തന്നെയാണ് കോപ്പ അമേരിക്കയെ ആവേശകരമാക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കാനഡയെ നേരിട്ടാണ് കോപ്പ അമേരിക്കക്ക് തുടക്കം കുറിക്കുന്നത്.
അർജന്റീനക്കും ബ്രസീലിനും വളരെയധികം ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയിൽ നിന്നും തങ്ങൾക്ക് ലഭിച്ച പിന്തുണയ്ക്ക് അർജന്റീന നന്ദി പറഞ്ഞത് എല്ലാവരും അഭിമാനത്തോടെ ഓർക്കുന്ന കാര്യമാണ്. എന്നാൽ അതൊക്കെയാണെങ്കിലും കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഇന്ത്യയിലെ ടെലികാസ്റ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
Shame On You AFA
There is no Broadcasters in india For Copa America https://t.co/hIVFPSszoi— सचिन मलापुर (@Sachi99922) June 19, 2024
നാളെ രാവിലെ അർജന്റീന കളിക്കാനിറങ്ങുമെന്നിരിക്കെ ഇതുവരെ കോപ്പ അമേരിക്ക ടൂർണമെന്റ് ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്നത് ആരാണെന്ന് തീരുമാനമായിട്ടില്ല. നേരത്തെ സോണി ടിവിയിലെ സംപ്രേഷണവും ഫാൻകോഡ് ലൈവ് ടെലികാസ്റ്റും നടത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നത് ആശങ്ക തന്നെയാണ്.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ കോപ്പ അമേരിക്ക ഇന്ത്യയിൽ യാതൊരു തരത്തിലും സംപ്രേഷണം ഉണ്ടായിരിക്കില്ല. ആരാധകർക്ക് മത്സരം കാണാൻ മറ്റു വഴികൾ തേടേണ്ടി വരും. മത്സരം നടക്കുന്നത് ഇന്ത്യയിൽ പുലർച്ചെയാണെന്നതും അർജന്റീന, ബ്രസീൽ എന്നീ ടീമുകളുടെ ഒഴികെയുള്ള മത്സരങ്ങൾ കാണാൻ പ്രേക്ഷകർ കുറവായിരിക്കുമെന്നതുമാണ് ടെലികാസ്റ്റ് ഏറ്റെടുക്കാൻ കമ്പനികൾ മടിക്കുന്നതിന്റെ കാരണം.
എന്നാൽ ഇന്നത്തെ ദിവസം കൂടി ആരാധകർ കാത്തിരിക്കുകയാണ്. കോപ്പ അമേരിക്ക നടക്കുന്ന ഓരോ തവണയും ഈ അനിശ്ചിതത്വം പതിവാണ്. ഒടുവിൽ അവസാനനിമിഷം ഏതെങ്കിലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ അത് നൽകുകയും ചെയ്യും. അതുപോലെ ഇത്തവണയും അവസാനനിമിഷത്തിൽ ആരെങ്കിലും ടെലികാസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് ഏവരും കരുതുന്നത്.