റൊണാൾഡോയില്ലെങ്കിൽ പോർച്ചുഗൽ കൂടുതൽ കരുത്തരോ, ചരിത്രനേട്ടം കുറിച്ച് പറങ്കിപ്പട | Portugal

സസ്പെഷൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തിരുന്ന മത്സരത്തിൽ ലക്‌സംബർഗിനെ തകർത്തു വിട്ട് പോർച്ചുഗൽ. കഴിഞ്ഞ ദിവസം നടന്ന യൂറോ കപ്പ് യോഗ്യത മത്സരത്തിലാണ് ഒരു ഒഫിഷ്യൽ മത്സരത്തിലെ ഏറ്റവും വലിയ വിജയം പോർച്ചുഗൽ സ്വന്തമാക്കിയത്. ഒരു ഗോളും മൂന്ന് അസിസ്റ്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് മിന്നുന്ന പ്രകടനം നടത്തിയ മത്സരത്തിൽ ഗോൺകാലോ റാമോസ്, ഡിയാഗോ ജോട്ട, ഗോൺകാലോ ഇനാസിയോ എന്നിവർ രണ്ടു ഗോളുകൾ വീതം നേടി.

ഇരുപത്തിരണ്ടുകാരനായ സ്പോർട്ടിങ് പ്രതിരോധതാരം ഇനാസിയോയാണ് പന്ത്രണ്ടാം മിനുട്ടിൽ പോർച്ചുഗലിന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. അതിനു പിന്നാലെ പതിനേഴാം മിനുട്ടിലും മുപ്പത്തിമൂന്നാം മിനുട്ടിലും ഗോൺകാലോ റാമോസ് ടീമിന്റെ ഗോളുകൾ നേടി. ആദ്യപകുതി അവസാനിക്കും മുൻപ് ഇനാസിയോ മറ്റൊരു ഗോൾ കൂടി നേടിയതോടെ നാല് ഗോളുകൾക്ക് മുന്നിൽ നിന്നാണ് പോർച്ചുഗൽ ഇടവേളക്ക് പിരിഞ്ഞത്. അപ്പോൾ തന്നെ വലിയൊരു ഗോൾമഴക്ക് തുടക്കമിടാൻ പോകുന്നത് വ്യക്തമായിരുന്നു.

രണ്ടാം പകുതിയുടെ അൻപത്തിയേഴാം മിനുട്ടിൽ ഡിയാഗോ ജോട്ട പോർച്ചുഗലിന്റെ വീണ്ടും മുന്നിലെത്തിച്ചു. അതിനു ശേഷം ഏതാനും പകരക്കാരെ പോർച്ചുഗൽ പരിശീലകൻ ഇറക്കിയിട്ടും ഗോൾമഴ തുടർന്നു. പകരക്കാരായി ഇറങ്ങിയ റിക്കാർഡോ ഹോർട്ട, ജോവോ ഫെലിക്‌സ് എന്നിവർ ടീമിനായി ഗോൾ നേടി. ഡിയാഗോ ജോട്ട, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് രണ്ടാം പകുതിയിൽ ടീമിന്റെ മറ്റു ഗോളുകൾ നേടിയത്. ഇതോടെ ടീമിന്റെ വമ്പൻ വിജയം പൂർത്തിയായി.

കഴിഞ്ഞ മത്സരത്തിൽ മഞ്ഞക്കാർഡ് നേടി സസ്പെൻഷനിലായ റൊണാൾഡോ കളിച്ചില്ലെങ്കിലും അതിന്റെ കുറവൊന്നും പോർച്ചുഗൽ പ്രകടിപ്പിച്ചില്ല. പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിനു കീഴിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന ടീം യൂറോ യോഗ്യത ഗ്രൂപ്പിൽ അജയ്യരാണ്. ആറു മത്സരങ്ങൾ കളിച്ച ടീം ആറെണ്ണത്തിലും വിജയം സ്വന്തമാക്കി. ഇരുപത്തിനാലു ഗോളുകൾ പോർച്ചുഗൽ അടിച്ചു കൂട്ടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങിയില്ലെന്നത് അവരുടെ ഫോം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നു.

Portugal Scored 9 Goals Vs Luxembourg