സൗദി അറേബ്യൻ ക്ലബായ അൽ നസ്റുമായി കരാർ ഒപ്പിട്ടതോടെ ലോകത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയിട്ടുണ്ട്. സ്പോൺസർഷിപ്പ് കരാറുകൾ ഉൾപ്പെടെ ഏതാണ്ട് 175 മില്യൺ പൗണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രതിഫലമായി ലഭിക്കുക. ഇത്രയും തുക വേതനമായി ലഭിക്കുന്നതു തന്നെയാണ് റൊണാൾഡോ സൗദിയിലേക്ക് ചേക്കേറാൻ കാരണമായതെന്നു വേണം കരുതാൻ. എന്നാൽ യൂറോപ്പിൽ താൻ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെന്നും ഇനി സൗദി അറേബ്യയിൽ നിന്നു കൊണ്ട് അവിടുത്തെ റെക്കോർഡുകൾ തകർക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നുമാണ് ആരാധകർക്കു മുന്നിൽ തന്നെ അവതരിപ്പിക്കുന്ന ചടങ്ങിൽ റൊണാൾഡോ പറഞ്ഞത്.
അതേസമയം ഇപ്പോൾ ലഭിക്കുന്ന പ്രതിഫലം ഇരട്ടിയാക്കാൻ റൊണാൾഡോക്ക് അവസരമുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ അൽ നസ്റുമായി കരാർ ഒപ്പിടുമ്പോൾ തന്നെ സൗദി അറേബ്യയുടെ അംബാസിഡറാകാൻ റൊണാൾഡോക്ക് ഓഫറുണ്ടായിരുന്നു. 2030 ലോകകപ്പിനായി സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്. ഗ്രീസ്, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കൊപ്പം ചേർന്ന് ലോകകപ്പ് ആതിഥേയത്വം വഹിക്കാനാണ് സൗദി ശ്രമിക്കുന്നത്. അതിനുള്ള നീക്കങ്ങൾക്ക് റൊണാൾഡോ ഒപ്പം നിൽക്കുകയാണെങ്കിൽ ഇപ്പോൾ ലഭിക്കുന്ന പ്രതിഫലം ഇരട്ടിയായി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
175 മില്യൺ പൗണ്ട് താരത്തിന് ഏതു രീതിയിലാണ് നൽകുന്നതെന്ന കാര്യത്തിൽ ഒട്ടും വ്യക്തതയില്ല. ഓരോ വർഷത്തിലും 175 മില്യനാണ് സൗദി അറേബ്യ നൽകുന്ന ഓഫർ എങ്കിൽ ക്ലബ് നൽകുന്ന പ്രതിഫലവും ചേർത്ത് ഒരു സീസണിൽ 350 മില്യൺ പൗണ്ട് സമ്പാദിക്കുന്ന താരമായി റൊണാൾഡോ മാറും. ഒരു ദിവസം ഒരു മില്യൺ (ഏതാണ്ട് പത്തു കോടിയോളം ഇന്ത്യൻ രൂപ) പൗണ്ട് ആയിരിക്കും റൊണാൾഡോയുടെ വേതനം. മിഡിൽ ഈസ്റ്റിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോയെ പണം കൊണ്ടു മൂടുന്ന ഓഫറുകളാണ് കാത്തിരിക്കുന്നതെന്നു ചുരുക്കം.
Cristiano Ronaldo will be paid £175 million on top of his salary for promoting Saudi Arabia's World Cup bid! 🇸🇦💰#Ronaldo #AlNassr #SaudiArabia pic.twitter.com/IQp6GD3G6I
— DR Sports (@drsportsmedia) January 10, 2023
അതേസമയം ഈ ഓഫർ റൊണാൾഡോ സ്വീകരിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. 2030 ലോകകപ്പിനായി പോർച്ചുഗലും ശ്രമം നടത്തുന്നതാണ് റൊണാൾഡോ അതിൽ നിന്നും പിന്തിരിയുമെന്നു പറയാനുള്ള കാരണം. പോർചുഗലിനു പുറമെ സ്പെയിൻ, യുക്രൈൻ എന്നീ രാജ്യങ്ങളും 2030 ലോകകപ്പിനായി ശ്രമം നടത്തുന്നുണ്ട്. പോർച്ചുഗൽ തന്നെ ലോകകപ്പ് ആതിഥേയത്വം വഹിക്കാൻ ശ്രമം നടത്തുമ്പോൾ മറ്റൊരു രാജ്യത്തിനു വേണ്ടി പ്രൊമോഷൻ നടത്തുന്നത് മര്യാദകേടാണെന്നിരിക്കെ താരം അതിനു മുതിരാൻ സാധ്യതയില്ല. എന്നാൽ ഏതൊരു വ്യക്തിയുടെയും മനസ്സിളക്കുന്ന ഓഫറാണ് സൗദി അറേബ്യ മുന്നോട്ടു വെച്ചിരിക്കുന്നതെന്നതിൽ സംശയമില്ല.
സൗദി പ്രിൻസ് സൽമാൻ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയിരിക്കുന്നത്. ക്ലബിൽ കളിക്കാനുള്ള വെറുമോരു താരമായിട്ടല്ല താരത്തെ എത്തിച്ചിരിക്കുന്നതെന്നും അതിനു വേറെയും ലക്ഷ്യങ്ങൾ ഉണ്ടെന്നും ഇതിൽ നിന്നും വ്യക്തമാണ്. എന്തായാലും യൂറോപ്യൻ ഫുട്ബോളിൽ റൊണാൾഡോ ഇനി ഉണ്ടാകില്ലെന്നു തന്നെയാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. റൊണാൾഡോയുടെ വരവ് ഏഷ്യൻ ഫുട്ബോളിന് പുതിയൊരു ഉണർവ് നൽകുമെന്നതിലും സംശയമില്ല.