സ്വയം അപഹാസ്യനായി മാറുന്ന റൊണാൾഡോ, താരത്തിനെതിരെ രൂക്ഷമായ വിമർശനവും കളിയാക്കലും | Ronaldo

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇട്ട ഒരു കമന്റാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് 2023ലെ ഏറ്റവും മികച്ച പത്ത് താരങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടപ്പോൾ അതിൽ നിന്നും ഈ വർഷം ഏറ്റവുമധികം ഗോൾ നേടിയ റൊണാൾഡോ പുറത്തായിരുന്നു.

പോർച്ചുഗീസ് മാധ്യമായ എ ബോള ഈ ലിസ്റ്റ് കഴിഞ്ഞ ദിവസം തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തപ്പോൾ അതിനു കീഴിലാണ് റൊണാൾഡോ പ്രതികരിച്ചത്. നിരവധി ചിരിക്കുന്ന ഇമോജികൾക്കൊപ്പം സീ നോ ഇവിൾ മങ്കിയുടെ ഇമോജിയുമാണ് റൊണാൾഡോ പോസ്റ്റ് ചെയ്‌തത്‌. ആ ലിസ്റ്റിൽ തന്നെ ഉൾപ്പെടുത്താത്തതിൽ താരത്തിന് പ്രതിഷേധമുണ്ടെന്ന് അതിൽ നിന്നും വ്യക്തമാണ്.

2023ൽ യൂറോപ്പിലെ ഒരു ക്ലബിന് വേണ്ടിയും റൊണാൾഡോ കളിക്കാതിരുന്നതാണ് താരം ലിസ്റ്റിൽ നിന്നും പുറത്തു പോകാൻ കാരണമായതെന്നാണ് കരുതേണ്ടത്. എന്തായാലും തന്നെ ഒഴിവാക്കിയ തീരുമാനത്തിൽ റൊണാൾഡോക്ക് തൃപ്‌തിയില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇതാദ്യമായല്ല ഇതുപോലെയുള്ള കമന്റുകളും ഇമോജികളുമായി താരം തന്റെ പ്രതിഷേധം അറിയിക്കുന്നതും.

ഈ വർഷം തന്നെ ലയണൽ മെസിയുടെ ലോകകപ്പ് നേട്ടം പെനാൽറ്റികളുടെ സഹായത്തോടു കൂടിയാണെന്നു പറഞ്ഞ് എഎസ് ടെലിവിഷനിൽ വന്ന ഒരു ജേർണലിസ്റ്റിന്റെ പ്രതികരണത്തിൽ റൊണാൾഡോ ചിരിക്കുന്ന ഇമോജി ഇട്ടത് വാർത്തയായിരുന്നു. അതിനു മുൻപ് 2021ൽ ലയണൽ മെസി നേടിയ ബാലൺ ഡി ഓറിനെ ചോദ്യം ചെയ്‌ത പോസ്റ്റിനു താരം ‘ഫാക്റ്റോസ്’ എന്ന കമന്റ് ഇട്ടതും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

റൊണാൾഡോയുടെ പ്രതികരണം ഏതു മാനസികാവസ്ഥയിൽ നിന്നും ഉണ്ടാകുന്നതല്ലെന്ന് വ്യക്തമല്ലെങ്കിലും ആരാധകരിൽ പലരും അതിനെ വിമർശിക്കുകയാണ്. ഫുട്ബോളിന്റെ നിറുകയിൽ നിൽക്കുന്ന, ഒരുപാട് ആരാധകരുള്ള ഒരു താരം ഇത്തരം പക്വതയില്ലാത്ത പെരുമാറ്റം കൊണ്ട് സ്വയം അപഹാസ്യനായി മാറുകയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

പല കാര്യങ്ങളിലും മെസി റൊണാൾഡോയുടെ പിന്നിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ അതിനെ തന്റെ നിശ്ചയദാർഢ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും മറികടക്കാൻ താരത്തിന് കഴിഞ്ഞു. അതിനെ മാതൃകയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയും മുന്നോട്ടു പോകണമെന്നാണ് ഏവരുടെയും അഭിപ്രായം. കാരണം റൊണാൾഡോക്ക് ഇനിയും ഒരുപാട് നേടാൻ കഴിയുമെന്നതിൽ സംശയമില്ല.

Ronaldo Commented On IFFHS 2023 Best Players List

Cristiano RonaldoIFFHS
Comments (0)
Add Comment