യൂറോപ്യൻ ലീഗിന് നിലവാരത്തകർച്ച സംഭവിച്ചിട്ടുണ്ടെന്നും ഇനിയൊരിക്കലും യൂറോപ്പിലെ ക്ലബുകളിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം പോർച്ചുഗലിൽ അൽ നസ്‌റും സ്‌പാനിഷ് ക്ലബായ സെൽറ്റ വിഗോയും തമ്മിൽ നടന്ന പ്രീ സീസൺ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൊണാൾഡോ. അൽ നസ്ർ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽവി വഴങ്ങിയ മത്സരത്തിന്റെ ആദ്യപകുതിയിൽ റൊണാൾഡോ കളിച്ചിരുന്നു.
“ഞാനിനി ഒരിക്കലും യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചു പോകില്ല, ആ വാതിൽ എന്നന്നേക്കുമായി പൂർണമായും അടഞ്ഞു കഴിഞ്ഞു. എനിക്ക് മുപ്പത്തിയെട്ടു വയസായി, അതിനു പുറമെ യൂറോപ്യൻ ഫുട്ബോളിന് അതിന്റെ നിലവാരം ഒരുപാട് നഷ്‌ടമായിരുന്നു. പ്രീമിയർ ലീഗ് മാത്രമാണ് നിലവാരം കാത്തു സൂക്ഷിക്കുന്നത്. അവർ മറ്റു ലീഗുകളെക്കാൾ വളരെയധികം മുന്നിലാണ്. സ്‌പാനിഷ് ലീഗിന് വലിയ നിലവാരമൊന്നും ഇല്ല.” റൊണാൾഡോ മാധ്യമങ്ങളോട് പറഞ്ഞു.
🚨⛔️ Cristiano Ronaldo: "I won't return to European football, the door is completely closed".
"I'm 38 years old, also European football has lost lot of quality… only valid one is Premier League, they're way ahead of all the other leagues". pic.twitter.com/czxco9PzlM
— Fabrizio Romano (@FabrizioRomano) July 17, 2023
“പോർച്ചുഗീസ് ലീഗ് മികച്ചൊരു ലീഗാണ്, പക്ഷെ അതൊരിക്കലും മുൻനിരയിൽ നിൽക്കുന്ന ലീഗല്ല. ജർമൻ ലീഗിനും ഒരുപാട് കാര്യങ്ങൾ നഷ്‌ടമായി എന്നാണു ഞാൻ കരുതുന്നത്. ഞാനിനി യൂറോപ്പിൽ കളിക്കില്ല എന്നു തന്നെയാണ് കരുതുന്നത്. എനിക്ക് സൗദി അറേബ്യയിൽ കളിക്കാനാണ് താൽപര്യം.” റൊണാൾഡോ വ്യക്തമാക്കി. ലയണൽ മെസി ചേക്കേറിയ എംഎൽഎസിനെ കുറിച്ചും റൊണാൾഡോ സംസാരിച്ചു.
“ഒരു വർഷത്തിനുള്ളിൽ കൂടുതൽ താരങ്ങൾ സൗദിയിലേക്ക് വരും. അതിനുള്ളിൽ സൗദി ലീഗ് തുർക്കിഷ്, ഡച്ച് ലീഗുകളെ മറികടക്കും. യൂറോപ്യൻ യൂണിയന്റെ പ്രസിഡന്റ് പറഞ്ഞത് പോലെയുള്ള താരങ്ങളല്ല ഇവിടെ വരുന്നത്. ജോട്ട, നെവസ് തുടങ്ങിയവർ യുവതാരങ്ങളാണ്. സൗദി ലീഗ് എംഎൽഎസിനേക്കാൾ മികച്ച ലീഗാണെന്ന് ഞാൻ കരുതുന്നു.” റൊണാൾഡോ വ്യക്തമാക്കി.
Ronaldo Confirms He Wont Return To European Club