മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതിനു ശേഷം ഫ്രീ ഏജന്റായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ഫുട്ബോൾ ലോകത്ത് ഇപ്പോഴും ചർച്ചാവിഷയമാണ്. ചരിത്രത്തിൽ ഒരു ഫുട്ബോൾ താരത്തിന് ലഭിച്ച ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ നിന്നും ഏഷ്യയിലേക്ക് ചുവടുമാറ്റം നടത്തിയത്. നിലവിൽ ലോകത്തിലെ എല്ലാ ഫുട്ബോൾ താരങ്ങളും പ്രതിഫലത്തിന്റെ കാര്യത്തിൽ റൊണാൾഡോക്ക് പിന്നിലാണ്. മുപ്പത്തിയെട്ടാം വയസിലാണ് ഇത്രയും തുക റൊണാൾഡോ വേതനമായി വാങ്ങുന്നതെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ്.
സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറിയതിനു പിന്നാലെ റൊണാൾഡോ എന്നാണു ടീമിനായി അരങ്ങേറ്റം കുറിക്കുകയെന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർന്നിരുന്നു. ഇതുവരെയും റൊണാൾഡോ ടീമിന്റെ മെഡിക്കൽ പൂർത്തിയാകാത്തതിനാൽ അതെന്നാകുമെന്ന കാര്യത്തിൽ ആരാധകർക്കും വ്യക്തത ഇല്ലായിരുന്നു. എന്നാൽ താരം അൽ നസ്റിനൊപ്പമുള്ള മെഡിക്കൽ നടപടികൾ പൂർത്തിയാക്കാൻ ഇന്ന് സൗദിയിലേക്ക് പോകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. അങ്ങിനെയാണെങ്കിൽ വ്യാഴാഴ്ച റൊണാൾഡോ സൗദി അറേബ്യൻ ക്ലബിനായി അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുണ്ട്.
സൗദി പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തു നിൽക്കുന്ന അൽ ടായിയുമായാണ് വ്യാഴാഴ്ച അൽ നസ്ർ ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നത്. ഇന്ത്യൻ സമയം രാത്രി എട്ടരക്കാണ് മത്സരം ആരംഭിക്കുക. ഈ മത്സരത്തിൽ പകരക്കാരനായി റൊണാൾഡോ കളിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനു ശേഷം വരുന്നതാണ് അൽ നസ്റിനെയും റൊണാൾഡോയെയും സംബന്ധിച്ച് നിർണായകമായ പോരാട്ടം. സൗദി ലീഗിൽ കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള ക്ലബുകളിൽ ഒന്നായ അൽ ഷബാബുമായി ജനുവരി പതിനാലിനാണ് അൽ നസ്ർ കളിക്കുക. ഈ മത്സരത്തിനു മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ടീമിനൊപ്പം ഇണങ്ങിച്ചേരാനുള്ള സമയമുണ്ട്.
❗️
— CristianoXtra (@CristianoXtra_) January 1, 2023
Cristiano Ronaldo is expected to make his debut for Al Nassr on 5th January in their game against Al Tai.
[@DiMarzio] pic.twitter.com/CRwZdhb0ol
സൗദിയിലുള്ള ആരാധകർ വളരെ ആവേശത്തോടെയാണ് റൊണാൾഡോയുടെ അരങ്ങേറ്റം കാത്തിരിക്കുന്നത്. റൊണാൾഡോ ട്രാൻസ്ഫർ പ്രഖ്യാപിച്ചതിനു ശേഷം നടന്ന മത്സരത്തിൽ അൽ നസ്ർ വിജയം നേടിയിരുന്നു. ആ മത്സരത്തിനു വന്ന കാണികൾ ഏഴാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കു വേണ്ടി മുദ്രാവാക്യങ്ങൾ വിളിക്കുകയുണ്ടായി. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരം സൗദിയുടെ മണ്ണിൽ തങ്ങളുടെ ക്ലബിനായി കളിക്കാനിറങ്ങുമ്പോൾ എതിർടീമിന്റെ ആരാധകർ വരെ റൊണാൾഡോക്കായി ആവേശത്തോടെ മുദ്രാവാക്യം വിളിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.