2013ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയ ബാലൺ ഡി ഓർ പുരസ്‌കാരം 2017ൽ താരം വിൽപ്പനയ്ക്കു വെക്കാൻ വേണ്ടി നൽകിയെന്ന് റിപ്പോർട്ടുകൾ. സ്‌പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം മേക്ക് എ ഫിഷ് ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനക്കു ലേലം ചെയാൻ വേണ്ടിയാണ് റൊണാൾഡോ തന്റെ ബാലൺ ഡി ഓർ ട്രോഫികളിലൊന്ന് നൽകിയത്. ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം പൗണ്ട് നൽകി (അഞ്ചു കോടിയോളം ഇന്ത്യൻ രൂപ) ഇസ്രായേലി സമ്പന്നനായ ഇദാൻ ഓഫറാണ് ട്രോഫി വാങ്ങിയത്.
ബാലൺ ഡി ഓർ യഥാർത്ഥ ട്രോഫി താരങ്ങൾക്ക് നൽകിയതിനു ശേഷം തിരികെ വാങ്ങി മ്യൂസിയത്തിൽ തന്നെ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. റൊണാൾഡോ ഇതിന്റെ റിപ്ലിക്ക ചോദിച്ചു വാങ്ങി കയ്യിൽ സൂക്ഷിച്ചിരുന്നു. ഇതാണ് ചാരിറ്റിക്കായി നൽകിയത്. റൊണാൾഡോയുടെ ഏജന്റായ ജോർഹ മെന്ഡസാണ് ഈ ട്രോഫി ഫൗണ്ടേഷന് കൈമാറിയത്. ഗുരുതരമായ അസുഖം ബാധിച്ച കുട്ടികളെ സഹായിക്കാനും അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും വേണ്ടിയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.
ലയണൽ മെസി, ഫ്രാങ്ക് റിബറി എന്നിവരെ മറികടന്നാണ് റൊണാൾഡോ 2013 ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്. ആ സീസണിൽ ട്രെബിൾ കിരീടം നേടിയ ബയേൺ മ്യൂണിക്ക് താരമായിരുന്ന ഫ്രാങ്ക് റിബറിയെ മറികടന്ന് റൊണാൾഡോ പുരസ്‌കാരം നേടിയത് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. അന്നു പുരസ്‌കാരം നേടാൻ കഴിയാതെ പോയതിൽ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് റിബറി തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെയുള്ള അവാർഡുകളിൽ രാഷ്ട്രീയവും ഉണ്ടെന്നാണ് റിബറി അതിനോട് പിന്നീട് പ്രതികരിച്ചത്.
Cristiano Ronaldo's Ballon d'Or has been sold but for a very good course. 👏
— Sports Brief (@sportsbriefcom) January 10, 2023
The money will go straight to the foundation and help them make even more memories for children battling illness.https://t.co/G993oOXjkX
ആ സീസണിൽ റൊണാൾഡോ അതിഗംഭീര ഗോൾവേട്ടയാണ് നടത്തിയത്. ഓരോ മത്സരത്തിലും ഓരോ ഗോളെന്ന കണക്കിൽ സീസണിൽ അൻപത്തിയഞ്ചു ഗോളുകൾ റൊണാൾഡോ കുറിച്ചു. എന്നാൽ റയൽ മാഡ്രിഡ് ഒരു കിരീടം പോലും ആ സീസണിൽ നേടിയിരുന്നില്ല. സ്‌പാനിഷ് ലീഗ് ബാഴ്‌സലോണയാണ് സ്വന്തമാക്കിയത്. റൊണാൾഡോ കരിയറിൽ നേടിയ രണ്ടാമത്തെ ബാലൺ ഡി ഓർ ആയിരുന്നു അത്. അതിനു ശേഷം മൂന്നു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ കൂടി താരം സ്വന്തമാക്കിയിട്ടുണ്ട്.