കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമങ്ങൾ നടത്തിയതു തന്നെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്നതിനു വേണ്ടിയാണ്. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളൊന്നും താരത്തിൽ വലിയ താൽപര്യം കാണിച്ചില്ലെന്നതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിട്ടുകൊടുക്കാനും തയ്യാറായിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പകരക്കാരനായി മാറുകയും ചെയ്‌തതോടെ ക്ലബുമായും പരിശീലകനുമായും അസ്വാരസ്യത്തിലായ റൊണാൾഡോ ലോകകപ്പിനു മുൻപ് ക്ലബിനെതിരെ രൂക്ഷമായ വിമർശനം നടത്തുകയും അതോടെ ക്ലബ് കരാർ റദ്ദാക്കുകയും ചെയ്‌തു.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ ലോകകപ്പിനു ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബിലേക്കു ചേക്കേറാനുള്ള ശ്രമമാണ് നടത്തിയത്. ഇതിനായി റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിൽ താരം പരിശീലനം ആരംഭിക്കുകയും ചെയ്‌തു. ഏജന്റായ യോർഹെ മെൻഡസ് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളിലേക്ക് റൊണാൾഡോയെ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയിരിക്കുകയാണ് റൊണാൾഡോ. ഇതോടെ താരത്തിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നം അവസാനിച്ചുവെന്ന് ഏവരും വിധിയെഴുതി.
എന്നാൽ റൊണാൾഡോ വീണ്ടും ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള സാധ്യതയുണ്ട് എന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലാണ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡുള്ളത്. ന്യൂകാസിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ റൊണാൾഡോ അവർക്കായി അടുത്ത സീസണിൽ കളിച്ചേക്കും. താരത്തിന്റെ നിലവിലെ ക്ലബായ അൽ നസ്റുമായുള്ള കരാറിൽ ഇത് സംബന്ധിച്ച് ഉടമ്പടി വെച്ചിട്ടുണ്ടന്ന് സ്‌പാനിഷ് മാധ്യമം മാർക്കയാണ് റിപ്പോർട്ടു ചെയ്യുന്നത്. ഇത് സത്യമാണെങ്കിൽ റൊണാൾഡോ വീണ്ടും യൂറോപ്പിൽ കളിക്കാനുള്ള സാധ്യത കൂടുതലാണ്.
🚨 There is a clause in Cristiano Ronaldo's contract at Al-Nassr that means if Newcastle qualify for the Champions League, he can go on loan there as they are owned by the Saudi Arabian Public Investment Fund. 🇸🇦
— Transfer News Live (@DeadlineDayLive) January 2, 2023
(Source: @MARCA) pic.twitter.com/OF1rxlg3dT
ന്യൂകാസിൽ യുണൈറ്റഡ് സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതിനു ശേഷം മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. എഡ്ഡീ ഹോവേ പരിശീലകനായ ക്ലബ് നിലവിൽ ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്ക് പിന്നിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നു. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മുന്നേറ്റമുണ്ടാക്കുകയും കിരീടങ്ങൾ സ്വന്തമാക്കുകയുമെന്ന തങ്ങളുടെ ലക്‌ഷ്യം കൃത്യമായി നടപ്പിലാക്കുന്ന ടീമിലേക്ക് റൊണാൾഡോക്ക് വരാൻ കഴിഞ്ഞാൽ താരത്തിന് വീണ്ടും യൂറോപ്പിലെ താരമായി മാറാൻ കഴിയും. ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന താരം മികച്ച പ്രകടനം നടത്തി തന്റെ ഫോം വീണ്ടെടുക്കുക എന്നതാണ് അതിനായി ആദ്യം ചെയ്യാനുള്ളത്. ഈ സീസണിൽ അതിനായിരിക്കും താരം ശ്രമിക്കുകയും.