മറ്റു താരങ്ങൾക്ക് ലഭിക്കേണ്ട മൂന്നു ബാലൺ ഡി ഓർ മെസി തട്ടിയെടുത്തു, അർജന്റീന താരത്തിന്റെ നേട്ടങ്ങൾക്കെതിരെയുള്ള പോസ്റ്റിൽ കമന്റിട്ട് റൊണാൾഡോ | Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള വൈരി ഫുട്ബോൾ ലോകത്ത് ഒരുപാട് കാലം നിലനിന്നിരുന്ന ഒന്നാണ്. ഒന്നര പതിറ്റാണ്ടിലധികം ഫുട്ബോൾ ലോകം ഭരിച്ച ഇരുവരിൽ ആരാണ് മികച്ച താരമെന്ന തർക്കം ഒരുപാട് കാലം നിലനിന്നിരുന്നു. എന്നാൽ ലയണൽ മെസി ലോകകപ്പ് നേടിയതോടെ ഈ തർക്കത്തിന് അവസാനമായി. കരിയറിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി ചരിത്രത്തിലെ തന്നെ മികച്ച താരമെന്ന നിലയിലേക്ക് മെസി കഴിഞ്ഞ ലോകകപ്പോടെ ഉയർന്നു.

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിനാൽ തന്നെ ലയണൽ മെസിക്ക് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരവും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ചാണ് മെസിയെ 2023ലെ ബാലൺ ഡി ഓർ വിജയിയായി പ്രഖ്യാപിച്ചത്. എർലിങ് ഹാലാൻഡിന്റെ ഭീഷണി ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാൻ ലോകകപ്പ് നേട്ടം കൊണ്ട് മെസിക്ക് കഴിഞ്ഞു. ഇതോടെ എട്ടു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ആ നേട്ടങ്ങളുടെ എണ്ണത്തിലും മെസി ബഹുദൂരം മുന്നിലെത്തി.

അതേസമയം മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇട്ട ഒരു കമന്റാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസം എഎസ് ടെലിവിഷൻ ജേർണലിസ്റ്റായ തോമസ് റോൺസെരോയുടെ ഒരു വീഡിയോയിലാണ് റൊണാൾഡോ കമന്റിട്ടത്. ലയണൽ മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വീഡിയോ. ഇന്റർ മിയാമിയിൽ വിരമിക്കാൻ പോയ മെസി ആറു പെനാൽറ്റിയുടെ സഹായത്തിലാണ് ലോകകപ്പ് നേടിയതെന്ന് അതിൽ പറയുന്നു.

അതിനു പുറമെ മെസി അഞ്ചു ബാലൺ ഡി ഓർ മാത്രമേ അർഹിക്കുന്നുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. ഇനിയേസ്റ്റ, സാവി, ലെവൻഡോസ്‌കി തുടങ്ങിയവരുടെ ബാലൺ ഡി ഓറുകൾ അപഹരിച്ച മെസി ഇപ്പോൾ ഹാലാൻഡിന്റെ ബാലൺ ഡി ഓറും തട്ടിയെടുത്തുവെന്നാണ് അദ്ദേഹം പറയുന്നത്. ഈ പോസ്റ്റിനു പൊട്ടിച്ചിരിക്കുന്ന നാല് ഇമോജിയാണ് റൊണാൾഡോ കമന്റായി നൽകിയിരിക്കുന്നത്. ഇത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.

മെസിയുടെ നേട്ടത്തിൽ റൊണാൾഡോക്ക് വളരെയധികം അസ്വസ്ഥതയുണ്ട് എന്നതിന്റെ തെളിവാണ് താരം ഇട്ട ഈ കമന്റ് എന്നതിൽ യാതൊരു സംശയവുമില്ല. ഫാബ്രിസിയോ റൊമാനൊ റൊണാൾഡോയുടെ കമന്റിന്റെ സ്ക്രീൻഷോട്ട് സ്റ്റോറിയായി ഇട്ടതിനു ശേഷം ‘ഓൺ എയർ’ എന്നാണു ക്യാപ്‌ഷൻ കൊടുത്തത്. റൊണാൾഡോയുടെ പ്രതികരണം ആസ്ഥാനത്തായിരുന്നു എന്നാണു ഏവരും ചൂണ്ടിക്കാട്ടുന്നത്. മുൻപ് പെങ്ങളുടെ അക്കൗണ്ടിലൂടെ പ്രതിഷേധം അറിയിച്ചിരുന്ന റൊണാൾഡോ ഇപ്പോൾ നേരിട്ട് തുടങ്ങിയോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

Ronaldo Mocks Messi Ballon Dor Through Instagram Comment

Ballon D'orCristiano RonaldoInstagramLionel Messi
Comments (0)
Add Comment