മുപ്പത്തിയെട്ടാം വയസിൽ ഹാലൻഡിനോട് മത്സരിക്കുന്ന റൊണാൾഡോ, ഒന്നാം സ്ഥാനത്ത് അർജന്റീന താരം | Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ്‌മരിക പ്രകടനം ഒരിക്കൽകൂടി കണ്ട ദിവസമായിരുന്നു ഇന്നലെ. അൽ ഫത്തേത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന സൗദി ലീഗ് മത്സരത്തിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റുമായി റൊണാൾഡോ നിറഞ്ഞാടിയപ്പോൾ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് അൽ നസ്ർ സ്വന്തമാക്കിയത്. റൊണാൾഡോക്ക് പുറമെ സാഡിയോ മാനെ ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ നേടിയ വിജയം ഈ സീസണിൽ ലീഗിലെ അവരുടെ ആദ്യത്തെ വിജയം കൂടിയായിരുന്നു.

സൗദി പ്രൊ ലീഗിൽ നടന്ന ആദ്യത്തെ രണ്ടു മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മൂന്നാമത്തെ മത്സരത്തിൽ ഹാട്രിക്കോടെ ഗംഭീര പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞത് ഇനിയുള്ള മത്സരങ്ങളിൽ ഇതിനേക്കാൾ മികച്ചത് റൊണാൾഡോയുടെ ബൂട്ടിൽ നിന്നും വരുമെന്നതിന്റെ തെളിവാണ്. കഴിഞ്ഞ സീസണിൽ നേടാൻ കഴിയാതിരുന്ന ലീഗ് കിരീടവും ഗോൾഡൻ ബൂട്ടും സ്വന്തമാക്കാൻ റൊണാൾഡോക്ക് ഇത്തവണ കഴിയുമെന്നുറപ്പാണ്.

ഖത്തർ ലോകകപ്പിന് ശേഷം സൗദി ലീഗിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. 2023ൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് റൊണാൾഡോ നിൽക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി താരമായ ഏർലിങ് ഹാലാൻഡ് രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് ഒരു അർജന്റീന താരമാണെന്ന പ്രത്യേകത കൂടിയുണ്ട്. ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിന്റെ താരമായ ജർമൻ കാനോയാണ് ഒന്നാമത് നിൽക്കുന്നത്.

റൊണാൾഡോ ഇരുപത്തിയെട്ടു ഗോളുകളുമായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ എർലിങ് ഹാലാൻഡ് മുപ്പതു ഗോളുകളുമായി രണ്ടാം സ്ഥാനത്താണ്. അതേസമയം അർജന്റീന താരമായ ജർമൻ കാനോ മുപ്പത്തിയൊന്നു ഗോളുകളാണ് ഈ വർഷം നേടിയിരിക്കുന്നത്. മുപ്പത്തിയഞ്ചാം വയസിലാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി കാനോ മിന്നിത്തിളങ്ങുന്നത്.

Ronaldo One Of The Top Scorers In 2023

Al NassrCristiano RonaldoErling Haaland
Comments (0)
Add Comment