ഖത്തർ ലോകകപ്പിന് ശേഷം ഏവരെയും ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത്. ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമാക്കി മാറ്റുന്ന കരാർ വാഗ്‌ദാനം ചെയ്യപ്പെട്ടതോടെ സൗദിയിലേക്ക് ചേക്കേറാനുള്ള തീരുമാനം റൊണാൾഡോ എടുക്കുകയായിരുന്നു. രണ്ടു വർഷത്തെ കരാറിലാണ് റൊണാൾഡോ സൗദി അറേബ്യയിലെത്തിയത്.
യൂറോപ്പിൽ ഫുട്ബോളിൽ തിളങ്ങി നിന്നിരുന്ന ഒരു താരം സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സൗദി അറേബ്യയിൽ താൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി എന്താണെന്നതിനെ കുറിച്ച് റൊണാൾഡോ സംസാരിക്കുകയുണ്ടായി. സൗദിയിലെ കടുത്ത ചൂട് തന്നെയാണ് റൊണാൾഡോ അനുഭവിച്ച പ്രതിസന്ധി.
Cristiano Ronaldo admits he struggled to adjust to the searing Saudi Arabia heat after £173m Al-Nassr move as he reveals training game-changer https://t.co/8Yk08UraGv
— Mail Sport (@MailSport) June 14, 2023
“വലിയ വ്യത്യാസം ചൂട് തന്നെയാണ്. അതിനു പുറമെ തണുപ്പുള്ള സമയം നോക്കി വൈകി പരിശീലനം നടത്തുകയെന്നതിനോട് ഒത്തുപോകാനും ബുദ്ധിമുട്ടി. എന്നാൽ അതിനോട് ഞാൻ ഒത്തിണങ്ങാൻ തുടങ്ങിയിരിക്കുന്നു. ആരാധകർ അവിശ്വസനീയമായ അനുഭവമാണ് നൽകുന്നത്. ഓരോ ലീഗും രാജ്യങ്ങളും വ്യത്യസ്‌തമാണ്. യൂറോപ്പിലെ മൂന്നു ലീഗുകൾ അനുഭവിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.” റൊണാൾഡോ പറഞ്ഞു.
സൗദി അറേബ്യയിലെ ചൂടും പരിശീലനസെഷന്റെ സമയങ്ങളിൽ വന്ന മാറ്റവും റൊണാൾഡോയെ ബാധിച്ചെങ്കിലും താരത്തിന്റെ ഗോളടിമികവിനെ അത് ബാധിച്ചിട്ടേയില്ല. ജനുവരിയിൽ ടീമിലെത്തിയ താരം പതിനാലു ഗോളുകളാണ് ലീഗിൽ അടിച്ചു കൂട്ടിയത്. അടുത്ത സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും നേടുകയെന്നത് തന്നെയാണ് റൊണാൾഡോയുടെ ലക്‌ഷ്യം.
Ronaldo Reveals Difference Found In Saudi