ഹാലൻഡിനു മുഴുവൻ പിന്തുണയും, ലയണൽ മെസിയെ പരോക്ഷമായി കളിയാക്കി റൊണാൾഡോ | Ronaldo

ഗ്ലോബ് സോക്കർ അവാർഡിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താരം മൂന്നു പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചടങ്ങിനു മുൻപേ നൽകിയ അഭിമുഖത്തിലെ വാക്കുകൾ പലതും എതിരാളിയായ ലയണൽ മെസിക്കെതിരെയുള്ള വിമർശനമായി കണക്കാക്കാൻ കഴിയുന്നതാണ്. അതേസമയം ചടങ്ങിൽ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഹാലാൻഡിനു റൊണാൾഡോ മികച്ച പിന്തുണയാണ് നൽകിയത്.

ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് തന്നെ റൊണാൾഡോ വിരൽ ചൂണ്ടിയത് ഹാലാൻഡിനു നേരെയായിരുന്നു. കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ നേടുകയും ഗോൾവേട്ടയിൽ പുതിയ റെക്കോർഡുകൾ സൃഷ്‌ടിക്കുകയും ചെയ്‌ത ഹാലാൻഡാണ് ആ പുരസ്‌കാരം അർഹിക്കുന്നതെന്നു റൊണാൾഡോ പറഞ്ഞതിൽ മെസിക്കെതിരായ ഒരു വിമർശനം ഒളിഞ്ഞു കിടപ്പുണ്ട്.

ഗ്ലോബ് സോക്കർ അവാർഡ് പ്രഖ്യാപനം നടക്കുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അതിൽ ലയണൽ മെസിക്കാണ് മികച്ച താരത്തിനുള്ള അവാർഡ് ലഭിച്ചത്. കഴിഞ്ഞ വർഷം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ ഹാലൻഡിനെ മറികടന്നു മെസിക്ക് പുരസ്‌കാരം ലഭിച്ചതിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. റൊണാൾഡോയുടെ വാക്കുകളിലും ആ വിമർശനം കാണാം.

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം ലയണൽ മെസി സ്വന്തമാക്കിയെന്നതാണ് ഫിഫ ബെസ്റ്റ് അവാർഡിൽ പ്രധാനമായി പറഞ്ഞിരുന്നത്. അതിനെയും റൊണാൾഡോ പരോക്ഷമായി കളിയാക്കിയിരുന്നു. ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ് സൗദി അറേബ്യൻ ലീഗെന്നാണ് റൊണാൾഡോ പറഞ്ഞത്. ഫ്രഞ്ച് ലീഗിനേക്കാൾ മികച്ച മത്സരം സൗദിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ലയണൽ മെസിയെ അപേക്ഷിച്ച് ഗംഭീര പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. സൗദി പ്രൊ ലീഗിലും പോർച്ചുഗൽ ദേശീയ ടീമിലും ഗോളുകൾ അടിച്ചു കൂട്ടിയ താരം ഏറ്റവുമധികം ഗോളുകൾ കഴിഞ്ഞ വർഷം നേടിയ താരമാണ്. അതേസമയം കഴിഞ്ഞ വർഷം ഫ്രഞ്ച് ലീഗിലും എംഎൽഎസിലും അത്ര തിളങ്ങാൻ കഴിയാതെ പോയ മെസി ഈ സീസണിൽ പ്രതീക്ഷയോടെ ഇറങ്ങാനിരിക്കുകയാണ്.

Ronaldo Says Haaland Deserve Best Player Award

Cristiano RonaldoErling HaalandLionel Messi
Comments (0)
Add Comment