സൗദി അറേബ്യയിലെ റൊണാൾഡോയുടെ ആദ്യത്തെ മത്സരത്തിൽ തന്നെ ലയണൽ മെസിയുടെ പിഎസ്‌ജിയെ എതിരാളികളായി ലഭിച്ചത് ആരാധകർക്ക് ആവേശം നൽകിയ കാര്യമായിരുന്നു. മെസിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം മികച്ച രീതിയിൽ തന്നെയാണ് അവസാനിച്ചതും. പിഎസ്‌ജിക്കെതിരെ മികച്ച പ്രകടനം നടത്താൻ റിയാദ് ഇലവന് സാധിച്ചെങ്കിലും നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടി.
റിയാദ് ഇലവന്റെ നായകനായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനം മത്സരത്തിൽ നടത്തുകയുണ്ടായി. ആദ്യപകുതിയിൽ രണ്ടു ഗോളുകൾ നേടിയ താരം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പിൻവലിക്കപ്പെട്ടെങ്കിലും സൗദിയിലെ തന്റെ തുടക്കം ഗംഭീരമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തന്റെ ടീമിന്റെ മുന്നേറ്റങ്ങളെ പലപ്പോഴും ഒറ്റക്കാണ് റൊണാൾഡോ നയിച്ചിരുന്നത്.
മത്സരത്തിനു ശേഷം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏതാനും ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത റൊണാൾഡോ സന്തോഷം തോന്നുന്നുവെന്നാണ് അതിനൊപ്പം കുറിച്ചത്. മൈതാനത്തേക്ക് വീണ്ടും മടങ്ങിയെത്താനും ഗോളുകൾ നേടാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ താരം തന്റെ പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിഞ്ഞതും സന്തോഷമാണെന്ന് പറഞ്ഞു. റൊണാൾഡോ ഷെയർ ചെയ്‌ത ചിത്രങ്ങളിൽ മെസിക്കൊപ്പമുള്ളതുമുണ്ടായിരുന്നു. അതേസമയം റാമോസ്, നവാസ് തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള ഒരു ചിത്രം പോലും റൊണാൾഡോ ഷെയർ ചെയ്‌തിട്ടില്ല.
So happy to be back on the pitch, and on the score sheet!! And nice to see some old friends!👍🏼 pic.twitter.com/qZqKGHsrVD
— Cristiano Ronaldo (@Cristiano) January 19, 2023
മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ റൊണാൾഡോയെയാണ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്. റൊണാൾഡോ റിയാദ് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയപ്പോൾ പിഎസ്‌ജിക്കു വേണ്ടി മെസി, റാമോസ്, എംബാപ്പെ തുടങ്ങിയ താരങ്ങളെല്ലാം ഗോൾ നേടിയിരുന്നു. എംബാപ്പെ രണ്ട് അസിസ്റ്റുകളും മത്സരത്തിൽ സ്വന്തമാക്കി. റൊണാൾഡോയെ സംബന്ധിച്ച് സൗദിയിൽ പുതിയൊരു തുടക്കം കുറിക്കാൻ പോകുന്നതിനു ഈ മത്സരത്തിലെ പ്രകടനം ആത്മവിശ്വാസം നൽകും.