യൂറോപ്പിലെ വമ്പൻ ലീഗുകളെയും ക്ലബുകളെയും വിറപ്പിച്ചാണ് സൗദി അറേബ്യൻ ക്ലബുകൾ സൂപ്പർ താരങ്ങളെ ഓരോന്നായി വാങ്ങിക്കൂട്ടുന്നത്. പ്രായമേറിയ വമ്പൻ താരങ്ങൾ മികച്ച പ്രതിഫലം ലഭിക്കുന്ന ലീഗുകളിലേക്ക് ചേക്കേറുന്നത് പൊതുവെ കണ്ടു വരാറുണ്ടെങ്കിലും സൗദി അറേബ്യയുടെ സമീപനം വ്യത്യസ്‌തമാണ്. ലോകഫുട്ബോളിൽ പേരെടുത്ത വെറ്ററൻ താരങ്ങൾക്ക് പുറമെ ഭാവിയുടെ പ്രതീക്ഷകളായ യുവതാരങ്ങളെയും അവർ തങ്ങളുടെ ലീഗിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.
സമ്മർ ട്രാൻസ്‌ഫർ ജാലകം അടക്കുന്നതോടെ സൗദി അറേബ്യയുടെ നീക്കങ്ങൾ അവസാനിക്കുമെന്നാണ് ഏവരും കരുതിയിരുന്നതെങ്കിലും അവിടം കൊണ്ടും ഒന്നും അവസാനിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ യൂറോപ്പിലെ ട്രാൻസ്‌ഫർ ജാലകങ്ങൾ മാത്രമാണ് അടച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ട്രാൻസ്‌ഫർ വിൻഡോ സെപ്‌തംബറിലാണ് അടക്കുന്നതെന്നിരിക്കെ ഈ മാസം കൂടി യൂറോപ്പിലെ ലീഗുകളിൽ നിന്നും താരങ്ങളെ എത്തിക്കാൻ അവർ ശ്രമം നടത്തുമെന്നുറപ്പാണ്.
Saudi Arabia vow they will NOT stop targeting Premier League stars in September and plan to STEAL key players from 'major clubs' after the European window shuts https://t.co/nRrIR1tEOk
— Mail Sport (@MailSport) September 1, 2023
മികച്ച താരങ്ങൾ വരാൻ തയ്യാറാണെങ്കിൽ സെപ്‌തംബറിലും ട്രാൻസ്‌ഫറുകൾക്കായി ശ്രമം നടത്തുമെന്ന് സൗദി അറേബ്യയിൽ നിന്നുള്ള വൃത്തങ്ങൾ പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫിഫയുടെ നിയമങ്ങളുടെ പരിധിയിൽ നിന്നു കൊണ്ടാണ് ഇത് ചെയ്യുന്നതെന്നും അതുകൊണ്ടു തന്നെ തങ്ങളെ തടുക്കാൻ ആർക്കും നിയമപരമായി കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നു. യൂറോപ്പിലെ വമ്പൻ ക്ലബുകൾക്കും ലീഗുകൾക്കും ചങ്കിടിപ്പേറ്റുന്നതാണ് സൗദിയുടെ ഈ നീക്കം.
സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസം സൗദിയിൽ നിന്നും മൊഹമ്മദ് സലാക്കായി വന്ന വമ്പൻ തുകയുടെ ഓഫർ ലിവർപൂൾ തഴഞ്ഞിരുന്നു. എന്നാൽ സെപ്‌തംബറിലും അവിടെ ട്രാൻസ്‌ഫർ ജാലകം ഉണ്ടെന്നിരിക്കെ സൗദി അറേബ്യൻ ക്ലബുകളെ പേടിക്കാതെ കഴിയില്ലെന്നാണ് ലിവർപൂൾ പരിശീലകൻ ക്ളോപ്പ് പറയുന്നത്. സെപ്‌തംബറിൽ പ്രധാന താരങ്ങൾ ക്ലബ് വിട്ടാൽ അവർക്ക് പകരക്കാരെ കണ്ടെത്താൻ കഴിയില്ലെന്നത് ടീമുകൾക്ക് കൂടുതൽ തിരിച്ചടി നൽകുന്നു.
Saudi Arabia Will Target Players In September