യൂറോപ്പിലെ വമ്പൻ താരങ്ങളെ ഒന്നൊന്നായി ടീമുകളിലെത്തിച്ച കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസിയെ സ്വന്തമാക്കാൻ സൗദി അറേബ്യ ശ്രമം നടത്തിയിരുന്നു. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുക മെസിക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നെങ്കിലും താരം ആ ഓഫർ നിരസിച്ച് ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയായിരുന്നു.
എന്നാൽ മെസിയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം അതോടെ അവസാനിക്കുന്നില്ല. നിലവിൽ സൗദി അറേബ്യൻ ടൂറിസം അംബാസിഡറായ ലയണൽ മെസി രാജ്യവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് സൗദി ടൂറിസത്തെ പ്രൊമോട്ട് ചെയ്യുന്ന വീഡിയോ മെസി പങ്കു വെച്ചിരുന്നു. അതിനു കൂടി വേണ്ടിയാണ് അർജന്റീന താരം സൗദിയിൽ എത്തിയത്.
എന്തായാലും ലയണൽ മെസിയെ വെച്ച് പ്രമോട്ട് ചെയ്യാനുള്ള വമ്പൻ പദ്ധതികൾ അണിയറയിൽ സൗദി ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് എണ്ണൂറു മില്യൺ ഡോളറിന്റെ പദ്ധതിയാണ് സൗദി ആവിഷ്കരിക്കുന്നത്. രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചൊരു ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിന്റെ മുഖമായി ലയണൽ മെസി ഉണ്ടായിരിക്കും.
സൗദിയുമായുള്ള കരാർ പ്രകാരം വമ്പൻ തുകയാണ് ലയണൽ മെസിക്ക് പ്രതിഫലമായി ലഭിക്കുന്നത്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിയഞ്ചു മില്യൺ ഡോളർ മെസിക്ക് ഒരു വർഷം പ്രതിഫലം ലഭിക്കുന്നുണ്ട്. നിലവിൽ 2026 വരെയുള്ള കരാർ വീണ്ടും പുതുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Saudi Have Big Plans With Lionel Messi To Promote Tourism