“ഇതുപോലെയാണെങ്കിൽ നമുക്കിനിയും കിരീടങ്ങൾ നേടാനാകും”- സ്‌കലോണിയുടെ വാക്കുകൾ വെളിപ്പെടുത്തി അർജന്റീന താരം മാക് അലിസ്റ്റർ | Scaloni

ലയണൽ സ്‌കലോണി പരിശീലകനായി എത്തിയതിനു ശേഷം അർജന്റീന ടീമിനുണ്ടായ മാറ്റങ്ങൾ ചെറുതല്ല. സ്‌കലോണി പരിശീലകനായി എത്തുമ്പോൾ കടുത്ത അർജന്റീന ആരാധകർക്ക് പോലും യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാൽ മെസിക്ക് ചുറ്റും മികച്ചൊരു ടീമിനെ ഉണ്ടാക്കിയെടുത്ത് കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞ് അദ്ദേഹം കളി നിയന്ത്രിച്ചപ്പോൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലോകകപ്പ് അടക്കം മൂന്നു കിരീടങ്ങളാണ് അർജന്റീന സ്വന്തമാക്കിയത്.

ഈ കിരീടങ്ങളെല്ലാം അർജന്റീന സ്വന്തമാക്കിയ രീതി സ്‌കലോണിയെന്ന പരിശീലകന്റെ മികവ് വ്യക്തമാക്കുന്നതാണ്. കോപ്പ അമേരിക്കയിൽ ബ്രസീലിനെ അവരുടെ നാട്ടിൽ തോൽപ്പിച്ചാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ഫൈനലിസിമയിൽ വ്യക്തമായ ആധിപത്യം പുലർത്തി. ഖത്തർ ലോകകപ്പിൽ ആദ്യത്തെ മത്സരം തോറ്റെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ ആധികാരികമായ പ്രകടനം. അതിനിടയിൽ നാൽപതോളം മത്സരങ്ങളിൽ ഒരു തോൽവി മാത്രമാണ് അർജന്റീനക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്.

മൂന്ന് കിരീടങ്ങൾ സ്‌കലോണിയുടെ കീഴിൽ നേടിയ അർജന്റീന അടുത്ത വർഷം മറ്റൊരു കിരീടം കൂടി ലക്ഷ്യമിടുന്നുണ്ട്. വീണ്ടുമൊരു കോപ്പ അമേരിക്ക കൂടി നേടാൻ അർജന്റീനക്ക് അവസരമുണ്ടെന്നിരിക്കെ അത് നേടാനുള്ള കഴിവ് അർജന്റീന ടീമിനുണ്ടെന്ന് പരിശീലകൻ വിശ്വസിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ബൊളീവിയയെ അവരുടെ മൈതാനത്ത് പോയി കീഴടക്കിയതിനു ശേഷം സ്‌കലോണി പറഞ്ഞ വാക്കുകളിൽ നിന്നും ഇത് വ്യക്തമാണ്. മാക് അലിസ്റ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ബൊളീവിയക്കെതിരായ വിജയത്തിന് ശേഷം സ്‌കലോണി ഞങ്ങളെയെല്ലാം ലോക്കർ റൂമിൽ ഒരുമിച്ച് വിളിച്ചു കൂട്ടിയതിനു ശേഷം ഇങ്ങിനെയാണ്‌ പറഞ്ഞത്. ‘ലോകചാമ്പ്യന്മാരായ ഒരു ടീമാണ് നിങ്ങൾ, ഈ മത്സരത്തെ നിങ്ങൾ സമീപിക്കുന്ന രീതിയും, അവയിൽ നിങ്ങൾ പോരാടുന്നതുമെല്ലാം നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ തന്നെയാണ്. ഇതുപോലെ തന്നെ നിങ്ങൾ തുടരുകയാണെങ്കിൽ ഇനിയും വിജയങ്ങൾ നമ്മളെ തേടി വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.” സ്‌കലോണി പറഞ്ഞു.

ലോകകപ്പിന് മുൻപ് മുപ്പത്തിയാറു മത്സരങ്ങളിലാണ് അർജന്റീന അപരാജിതരായി മുന്നേറിയത്. എന്നാൽ ലോകകപ്പിൽ സൗദിയോടുള്ള തോൽവിയോടെ ആ റെക്കോർഡിന് അവസാനമായി. അതിനു ശേഷം മറ്റൊരു അപരാജിത കുതിപ്പിന് ടീം തുടക്കമിട്ടിട്ടുണ്ട്. അത് തുടരാനും അടുത്ത കോപ്പ അമേരിക്ക വിജയിക്കാനും ടീമിന് കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ അത് നേടാൻ വലിയ വെല്ലുവിളികൾ തന്നെ അർജന്റീനക്ക് നേരിടേണ്ടി വരും.

Scaloni Thinks Argentina Can Continue Success

Alexis Mac AllisterArgentinaLionel Scaloni
Comments (0)
Add Comment