ഇന്റർ മിയാമിയിൽ ലയണൽ മെസിക്കൊപ്പം വീണ്ടും ഒരുമിച്ച് കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ച് മുൻ സഹതാരം ലൂയിസ് സുവാരസ്. ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത് മുതൽ സുവാരസും കൂടെ വരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ യുറഗ്വായ് താരത്തെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നാണ് സുവാരസ് കളിച്ചു കൊണ്ടിരിക്കുന്ന ബ്രസീലിയൻ ക്ലബായ ഗ്രെമിയോ പരിശീലകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സുവാരസ് തന്നെ പ്രതികരിച്ചത്.
ലയണൽ മെസിയോടൊപ്പം ഒരുമിച്ച് കളിച്ചു വിരമിക്കുകയെന്ന പദ്ധതി തങ്ങൾക്കുണ്ടായിരുന്നുവെന്ന് ലൂയിസ് സുവാരസ് വെളിപ്പെടുത്തി. ബാഴ്‌സലോണ വിട്ടതിനു ശേഷം അമേരിക്കൻ ലീഗിലേക്ക് ചേക്കേറണമെന്നാണ് പദ്ധതിയിട്ടതെങ്കിലും താൻ അത്ലറ്റികോ മാഡ്രിഡിലേക്കും മെസി പിഎസ്‌ജിയിലേക്കും ചേക്കേറിയതോടെ അതു നടന്നില്ലെന്നും സുവാരസ് പറഞ്ഞു. മെസിയിപ്പോൾ അമേരിക്കയിൽ വളരെ സന്തോഷവാനാണെന്നും ഒരുമിക്കാനുള്ള സാധ്യതയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും സുവാരസ് വ്യക്തമാക്കി.
Luis Suarez and Lionel Messi want to retire together 🥹❤️ pic.twitter.com/FZAltBlLWK
— ESPN FC (@ESPNFC) July 30, 2023
ഈ സീസൺ മുഴുവൻ ഗ്രെമിയൊക്കൊപ്പം തന്നെ പൂർത്തിയാക്കണമെന്നതിനാൽ അടുത്ത സീസണിൽ മെസിക്കൊപ്പം ഒരുമിച്ച് കളിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് സുവാരസ് പറയുന്നത്. മുട്ടിനു പരിക്ക് പറ്റിയതിനാൽ അതികഠിനമായ വേദന സഹിച്ചാണ് കളിച്ചു കൊണ്ടിരിക്കുന്നതെന്നും അതിനാലാണ് ഗ്രെമിയോ കരാർ ഒരു വർഷം മുൻപേ അവസാനിപ്പിക്കാൻ തീരുമാനമെടുത്തതെന്നും താരം പറഞ്ഞു. പരിക്ക് മോശമായാൽ തുടർന്ന് കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും താരം കൂട്ടിച്ചേർത്തു.
തന്നെ സ്വന്തമാക്കാൻ ഇന്റർ മിയാമി ശ്രമം നടത്തിയിരുന്നുവെന്നും സുവാരസ് വ്യക്തമാക്കി. എന്നാൽ ഇന്റർ മിയാമിയുമായി താൻ നേരിട്ട് ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും അമേരിക്കൻ ക്ലബ് ഗ്രെമിയോ അധികൃതരോട് നേരിട്ടാണ് തന്നെ സ്വന്തമാക്കാനുള്ള സാധ്യതകൾ അന്വേഷിച്ചതെന്നും യുറുഗ്വായ് താരം പറഞ്ഞു. എന്തായാലും തന്റെ പരിക്കിന്റെ സാഹചര്യമാണ് അടുത്ത സീസണിൽ മെസിക്കൊപ്പം ഒരുമിക്കുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുകയെന്നാണ് സുവാരസിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
Suarez On Reunion With Messi In Inter Miami