“റയൽ മാഡ്രിഡ് എന്റെ ടീമിന്റെ വിജയങ്ങൾ കൊള്ളയടിച്ചിട്ടുണ്ട്, കസമീറോയെക്കാൾ മികച്ചതാണ് ബുസ്‌ക്വറ്റ്സ്” – ചിലിയൻ താരം വിദാൽ | Real Madrid

ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബുകളെന്ന് ആലോചിച്ചാൽ തന്നെ മനസ്സിൽ വരുന്ന പേര് റയൽ മാഡ്രിഡിന്റെത് ആണെങ്കിലും ഒരുപാട് വിമർശനങ്ങളും അവർക്കെതിരെ ഉണ്ടായിട്ടുണ്ട്. മറ്റൊരു ടീമിനും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ചാമ്പ്യൻസ് ലീഗ് വിജയങ്ങൾക്കു പുറമെ സ്പെയിനിലും ആധിപത്യം സ്ഥാപിച്ചു നിൽക്കുന്ന റയൽ മാഡ്രിഡിന് ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ റഫറിമാരുടെ സഹായം വളരെയധികം ഉണ്ടായിട്ടുണ്ടെന്ന വിമർശനം എക്കാലവും ടീമിനെതിരെ ഉയർന്നിട്ടുള്ളതാണ്.

കഴിഞ്ഞ ദിവസം ചിലി താരമായ അർതുറോ വിദാലും സമാനമായ വിമർശനം നടത്തുകയുണ്ടായി. റഫറിമാരുടെ സഹായം ലഭിച്ചുവെന്ന് താരം പറഞ്ഞില്ലെങ്കിലും റയൽ മാഡ്രിഡിനെതിരെ കളിക്കുന്ന സമയത്ത് തന്റെ ടീമിന്റെ വിജയങ്ങൾ അവർ കവർന്നെടുത്തിട്ടുണ്ടെന്നാണ് വിദാൽ പറയുന്നത്. ഇന്റർ മിലാൻ, ബയേൺ മ്യൂണിക്ക്, ബാഴ്‌സലോണ എന്നീ ക്ലബുകൾക്കൊപ്പം നിരവധി തവണ റയൽ മാഡ്രിഡിനെതിരെ കളിച്ചിട്ടുള്ള താരമാണ് അർതുറോ വിദാൽ.

“റയൽ മാഡ്രിഡിനെതിരെ കളിച്ചിട്ടുള്ള ഏതൊക്കെ മത്സരത്തിൽ എന്തൊക്കെ വിവാദസംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന കാര്യത്തിൽ എനിക്ക് തീർച്ചയില്ല. റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ അവർ ഞങ്ങളെ കവർന്നെടുത്ത് പോലെ എനിക്കു തോന്നിയ നിരവധി സംഭവങ്ങളുണ്ട്, പക്ഷെ വിശദമായി എനിക്കവയൊന്നും ഓർമയില്ല. അവർ ഞാൻ കളിച്ച ടീമുകളിൽ നിന്നും എല്ലാം കവർന്നെടുക്കുകയാണ് ചെയ്‌തിട്ടുള്ളത്‌.” വിദാൽ പറഞ്ഞു.

കസമീറോയെക്കാൾ മികച്ച താരം ബുസ്‌ക്വറ്റ്സ് ആണെന്നും വിദാൽ പറഞ്ഞു. ” കസമീറായോ ബുസ്‌ക്വറ്റ്‌സോ മികച്ചതെന്നു ചോദിച്ചാൽ ബുസ്‌ക്വറ്റ്സ് എന്നാണു സംശയമില്ലാത്ത ഉത്തരം. എല്ലാ ടീമിലും പൈവറ്റ് എന്നതു കളിയുടെ താളം നിയന്ത്രിക്കാനും കൂടുതൽ സാങ്കേതികമികവുള്ളതും പന്ത് എല്ലായിപ്പോഴും മുന്നോട്ടു നീക്കാൻ കഴിവുള്ളവനുമായിരിക്കണം. കസമീറോ അതിലൊന്നു പോലും ചെയ്യുമെന്ന് തോന്നുന്നില്ല, അതുകൊണ്ടാണ് ഞാൻ ബുസ്‌ക്വറ്റ്‌സിനെ തിരഞ്ഞെടുത്തത്.” വിദാൽ വ്യക്തമാക്കി.

ചിലിക്കൊപ്പം രണ്ടു കോപ്പ അമേരിക്ക നേടിയിട്ടുള്ള അർതുറോ വിദാൽ യൂറോപ്പിലെ നാല് പ്രധാന ലീഗുകളിൽ ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ്. നിലവിൽ ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരാനെന്സിലാണ് വിദാൽ കളിക്കുന്നത്. മുപ്പത്തിയാറുകാരനായ താരം അടുത്ത സീസണിൽ ലയണൽ മെസിയുടെ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളുണ്ട്.

Vidal Says Real Madrid Stole Them Many Times

Arturo VidalCasemiroReal MadridSergio Busquets
Comments (0)
Add Comment