സാവി പരിശീലകനായി എത്തിയതിനു ശേഷം ബാഴ്‌സലോണ ടീമിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. കഴിഞ്ഞ സീസണിൽ ടോപ് ഫോർ പ്രതീക്ഷ പോലുമില്ലാതിരുന്ന ഒരു ടീമിനെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ സീസണിലും ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ബാഴ്‌സലോണ തന്നെയാണ്. എന്നാൽ ആഭ്യന്തരമത്സരങ്ങളിലെ ഈ പ്രകടനം ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് പോലെയുള്ള ടൂർണമെന്റുകളിൽ ആവർത്തിക്കാൻ ബാഴ്‌സക്കു കഴിയുന്നില്ലെന്നത് ആശങ്ക തന്നെയാണ്.
ഇന്നലെ ഇന്റർ മിലാനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തോൽവി വഴങ്ങിയതോടെ കഴിഞ്ഞ സീസണിലും ഈ സീസണിലുമായി കളിച്ച അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരെണ്ണത്തിൽ മാത്രമാണ് ബാഴ്‌സലോണയ്ക്ക് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്. ഈ അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും കാറ്റലൻ ക്ലബ് തോൽവി വഴങ്ങുകയായിരുന്നു. ഈ സീസണിൽ കളിച്ച മൂന്നു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും തോൽവിയേറ്റു വാങ്ങിയതോടെ ഗ്രൂപ്പിൽ ബയേൺ മ്യൂണിക്ക്, ഇന്റർ മിലാൻ ടീമുകൾക്കു പിന്നിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബാഴ്‌സലോണക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിർണായകമാണ്.
ഈ സീസണിലെ മൂന്നു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും തോൽവി വഴങ്ങിയതോടെ വീണ്ടുമൊരു സീസണിൽ കൂടി യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരുമോയെന്ന സാഹചര്യത്തെ ഉറ്റു നോക്കുകയാണ് ബാഴ്‌സലോണ. നിലവിൽ ബയേൺ മ്യൂണിക്ക് ഒൻപതു പോയിന്റുമായും ഇന്റർ മിലാൻ ആറു പോയിന്റുമായും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് മൂന്നു പോയിന്റ് മാത്രമാണുള്ളത്. അടുത്ത മൂന്നു മത്സരങ്ങളിൽ ഇന്റർ മിലാനെതിരെ നടക്കുന്ന മത്സരമടക്കം ഏറ്റവും ചുരുങ്ങിയത് രണ്ടെണ്ണത്തിലെങ്കിലും വിജയിച്ചാൽ മാത്രമേ ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ടിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയുള്ളൂ.
Barcelona fans facing the prospect of dropping down to the Europa League for the second straight season 🫢 pic.twitter.com/svJ82lEDGt
— B/R Football (@brfootball) October 4, 2022
ചാമ്പ്യൻസ് ലീഗിൽ ഇപ്പോഴും പ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും യൂറോപ്യൻ ടൂർണമെന്റുകളിൽ സാവിയുടെ കീഴിലെ ബാഴ്‌സലോണയുടെ പ്രകടനം അത്ര മികച്ചതല്ല. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോട് സമനില വഴങ്ങുകയും ബയേൺ മ്യൂണിക്കിനോട് തോൽക്കുകയും ചെയ്‌ത ബാഴ്‌സലോണക്ക് യൂറോപ്പ ലീഗിൽ കളിക്കേണ്ടി വന്നിരുന്നു. യൂറോപ്പ ലീഗിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയെങ്കിലും ക്യാമ്പ് നൂവിൽ നടന്ന മത്സരത്തിൽ ജർമൻ ക്ലബായ ഐന്തരാഷ്ട് ഫ്രാങ്ക്ഫർട്ടിനോട് തോറ്റ് ബാഴ്‌സലോണ പുറത്തു പോവുകയാണ് ചെയ്‌തത്. വലിയ നിരാശയാണ് ആ തോൽവി ബാഴ്‌സയ്ക്ക് സമ്മാനിച്ചത്.
ഇന്റർനാഷണൽ ബ്രേക്കിനിടെ ചില പ്രധാന താരങ്ങൾക്ക് പരിക്കു പറ്റിയതും റഫറിയുടെ തെറ്റായ തീരുമാനങ്ങളും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാതെ വന്നതുമെല്ലാം ബാഴ്‌സലോണയുടെ തോൽവിക്ക് കാരണമായി പറയാമെങ്കിലും അതിനെ മറികടന്ന് തിരിച്ചു വരേണ്ടത് ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഇനി നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളിൽ പ്രധാന ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ രണ്ടും സ്വന്തം മൈതാനത്താണെന്നതു മാത്രമാണ് ബാഴ്‌സക്ക് അനുകൂലമായ ഘടകം. ഈ സീസണിൽ കൂടി യൂറോപ്പ ലീഗ് കളിക്കേണ്ടി വന്നാൽ അത് സാവിയുടെ സ്ഥാനത്തിനു പരിശീലകസ്ഥാനത്തിനു തന്നെ ഭീഷണിയാവുകയും ചെയ്യും.