ദേശീയടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ വംശജരായ താരങ്ങൾ ആരൊക്കെ, പത്ത് പേരുകൾ വെളിപ്പെടുത്തി മാർക്കസ് മെർഗുലാവോ | AIFF

ഇന്ത്യൻ ഫുട്ബോൾ ടീം കൂടുതൽ ഉയരങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. മറ്റു രാജ്യങ്ങളിൽ കളിക്കുന്ന ഇന്ത്യൻ വംശജരായ ഇരുപത്തിനാലു താരങ്ങളെ ഇന്ത്യൻ ടീമിലെത്തിക്കാനുള്ള പദ്ധതി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുണ്ടെന്നും അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നുമാണ് പ്രസിഡന്റായ കല്യാൺ ചൗബേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

നിലവിലെ ഇന്ത്യയിലെ നിയമപ്രകാരം ഇരട്ടപൗരത്വം രാജ്യം അംഗീകരിക്കുന്നില്ല. മറ്റു രാജ്യത്തെ പൗരത്വമുള്ള ഒരാൾക്ക് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കണമെങ്കിൽ ആ രാജ്യത്തെ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യക്കാരനായി മാറണം. ഇതുകൊണ്ടാണ് പല ഇന്ത്യൻ വംശജരായ താരങ്ങളും ദേശീയ ടീമിന് വേണ്ടി കളിക്കാതിരിക്കുന്നത്. ഈ നിയമത്തിൽ ഒരു മാറ്റമുണ്ടാക്കി താരങ്ങളെ എത്തിക്കാനുള്ള ശ്രമമാണ് എഐഎഫ്എഫ് നടത്തുന്നത്.

എഐഎഫ്എഫിന്റെ പദ്ധതികൾ നടക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് അറിയില്ലെങ്കിലും അവർ ലക്ഷ്യമിട്ടിരിക്കുന്ന ഏതാനും താരങ്ങളെ കഴിഞ്ഞ ദിവസം മാർക്കസ് മെർഗുലാവോ വെളിപ്പെടുത്തുകയുണ്ടായി. ഇതിൽ പ്രധാനികൾ ഇംഗ്ലണ്ടിലെ നോർവിച്ച് സിറ്റിക്ക് വേണ്ടി കളിക്കുന്ന പ്രതിരോധതാരം ഡാനി ബാത്ത്, ബ്ളാക്ക്ബെണിന് വേണ്ടി കളിക്കുന്ന മിഡ്‌ഫീൽഡർ ഡിലൻ മാർക്കണ്ഡേയ എന്നിവരാണ്.

ഇതിനു പുറമെ ഷ്രയൂസ്ബെറിക്ക് വേണ്ടി കളിക്കുന്ന മേൽവിന്ദ് ബെന്നിങ്, റോസ് കൗണ്ടിക്ക് വേണ്ടി കളിക്കുന്ന യാൻ ദണ്ഡ, കിൽമാർനോക്കിനു വേണ്ടി കളിക്കുന്ന കബീർ സിങ്, ബിർമിങ്ഹാം താരമായ ബ്രണ്ടൻ ഖേല, സ്റ്റം ഗ്രാസിനായി കളിക്കുന്ന മൻപ്രീത് സക്കറിയ, കാർമിയോടിസാക്ക് വേണ്ടി കളിക്കുന്ന സിമ്രാൻജിത് ധാണ്ടി, കാർഡിഫ് താരം രോഹൻ ലുത്ര, ഇറാനിയൻ ലീഗിൽ കളിക്കുന്ന ഓമിദ് സിങ് എന്നിവരാണ്.

ഇതിൽ പലർക്കും ഇന്ത്യൻ ടീമിൽ കളിക്കാനുള്ള ആഗ്രഹമുണ്ടെന്നതിൽ സംശയമില്ല. എന്നാൽ ഇന്ത്യൻ ടീമിലേക്ക് വരണമെങ്കിൽ ഇവർക്ക് നിലവിലുള്ള രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിക്കേണ്ടി വരും. അങ്ങിനെ ഉപേക്ഷിച്ചാൽ അത് യൂറോപ്യൻ ലീഗുകളിൽ കളിക്കാനുള്ള അവസരങ്ങൾ കുറയ്ക്കും. അതിനാൽ ഇന്ത്യയിലെ നിയമം മാറ്റുകയാണ് ഇക്കാര്യത്തിൽ പ്രായോഗികമായ കാര്യം.

അതേസമയം ഇതാദ്യമായല്ല ഇന്ത്യൻ വംശജരായ താരങ്ങളെ ദേശീയ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. ഇതിനു മുൻപ് 2019ൽ ഇത്തരത്തിലുള്ള ഇരുപത്തിയഞ്ചു താരങ്ങളുടെ പട്ടിക കായികമന്ത്രാലത്തിനു മുന്നിൽ എഐഎഫ്എഫ് സമർപ്പിച്ചിരുന്നു. എന്നാൽ അതിൽ യാതൊരു പുരോഗമനവും ഉണ്ടായില്ല. ഇപ്പോഴും ഈ താരങ്ങളെ എഐഎഫ്എഫ് ബന്ധപ്പെട്ടിട്ടില്ലെന്നാണ് മാർക്കസ് വ്യക്തമാക്കുന്നത്.

10 Indian Origin Players AIFF Targeted For National Team