ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ദിമിയെ ആരാധകർ കൈവിട്ടില്ല, തുടർച്ചയായ രണ്ടാം വർഷവും മികച്ച താരമായി ദിമിത്രിയോസ് | Dimitrios

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയെ നയിക്കുന്ന ദിമിത്രിയോസ് വലിയൊരു നേട്ടം ടീമിന് സ്വന്തമാക്കി നൽകിയിരുന്നു. ചരിത്രത്തിൽ ആദ്യമായി ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ബ്ലാസ്റ്റേഴ്‌സ് താരമാണ് ദിമിത്രിയോസ്. അത് സ്വന്തമാക്കിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് ദിമിത്രിയോസ് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ക്ലബിന്റെ ആരാധകർ താരത്തെ കയ്യൊഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർമാർക്കറ്റ് ഈ സീസണിലെ ഏറ്റവും മികച്ച താരത്തെ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം സ്വന്തമാക്കിയത് ദിമിത്രിയോസാണ്. തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ഈ നേട്ടം ദിമിയെ തേടിയെത്തുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയ പിന്തുണ തന്നെയാണ് ദിമിയെ വിജയിപ്പിച്ചത്. ട്രാൻസ്‌ഫർമാർക്കറ്റിന്റെ വെബ്‌സൈറ്റിൽ ആരാധകർ നൽകുന്ന വോട്ട് അടിസ്ഥാനമാക്കിയാണ് വിജയിയെ തീരുമാനിക്കുക. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒറ്റക്കെട്ടായി ദിമിത്രിയോസിനു വോട്ടുകൾ നൽകിയപ്പോൾ അർഹിച്ച നേട്ടം ഗ്രീക്ക് താരത്തെ തേടിയെത്തുകയായിരുന്നു.

ദിമിത്രിയോസിനു മുപ്പത്തിമൂന്നു ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തു വന്ന മോഹൻ ബഗാൻ താരം കുമ്മിൻസിനു ഇരുപത്തിമൂന്നു ശതമാനത്തിലധികം വോട്ടാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള മോഹൻ ബഗാന്റെ തന്നെ താരമായ പെട്രാറ്റോസ് പത്ത് ശതമാനം വോട്ട് നേടി. ഈസ്റ്റ് ബംഗാളിന്റെ ക്‌ളീറ്റൻ സിൽവ, ഒഡിഷയുടെ റോയ് കൃഷ്‌ണ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ദിമിത്രിയോസ് അടുത്ത സീസണിൽ ഐഎസ്എല്ലിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എന്നീ ടീമുകളാണ് താരത്തിന് വേണ്ടി രംഗത്തുള്ളത്. കൂടുതൽ മികച്ച ഓഫർ നൽകുന്ന ക്ലബിലേക്കാവും താരം ചേക്കേറുക.

fpm_start( "true" ); /* ]]> */

Dimitrios Won Transfermarkt Player Of The Season