ബ്രസീലിനു വേണ്ടി കളിക്കുമ്പോൾ മൂന്നും നാലും പേരാണ് എന്നെ മാർക്ക് ചെയ്യുന്നത്, മോശം പ്രകടനത്തിന്റെ കാരണം വ്യക്തമാക്കി വിനീഷ്യസ്

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബ്രസീൽ സമനിലയിൽ കുരുങ്ങിയതിനൊപ്പം ടീമിലെ സൂപ്പർതാരം വിനീഷ്യസ് ജൂനിയറിന്റെ മോശം പ്രകടനം ഏറെ ചർച്ചയായിരുന്നു. നെയ്‌മർ പരിക്ക് കാരണം ടീമിന് പുറത്തിരിക്കെ ടീമിന്റെ കുന്തമുനയാകുമെന്ന് പ്രതീക്ഷിച്ച താരം ബ്രസീലിനൊപ്പം കളിക്കുമ്പോൾ തുടർച്ചയായി നിറം മങ്ങുന്നത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ മുന്നേറ്റനിരയിലെ ബാക്കി താരങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. റോഡ്രിഗോ, റാഫിന്യ, ലൂക്കാസ് പക്വറ്റ എന്നിവരെല്ലാം ടീമിന് വേണ്ടി തിളങ്ങിയെങ്കിലും വിനീഷ്യസ് പാടെ നിറം മങ്ങിപ്പോയി. മത്സരത്തിൽ ഒരു ഷോട്ടുതിർക്കാനോ ഒരു ഡ്രിബ്ലിങ് പൂർത്തിയാക്കാനോ കഴിയാതിരുന്ന താരം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അതിന്റെ കാരണം വ്യക്തമാക്കി.

പുതിയ കോച്ചും പുതിയ താരങ്ങളുമാകുമ്പോൾ എല്ലാറ്റിനും കുറച്ച് സമയമെടുക്കും. എല്ലാം പെട്ടന്നു തന്നെ സംഭവിക്കണമെന്നാണ് ഞങ്ങളുടെ ആരാധകർ ആഗ്രഹിക്കുന്നത്. എന്നാൽ ഞങ്ങൾ മെല്ലെ മെല്ലെ മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. ഈ ടൂർണമെന്റ്, മൈതാനം, റഫറിമാർ എന്നിവയെല്ലാം എങ്ങിനെയാണെന്ന് കൃത്യമായ ധാരണയുള്ളതിനാൽ തന്നെ ഞങ്ങൾ കൂടുതൽ മികച്ച പ്രകടനം നടത്തുമെന്നുറപ്പാണ്.”

“ദേശീയ ടീമിന് വേണ്ടി കളിക്കാൻ ഞാൻ കളത്തിലിറങ്ങുന്ന സമയത്തെല്ലാം മൂന്നും നാലും താരങ്ങളാണ് എന്നെ മാർക്ക് ചെയ്യാനെത്തുന്നത്. ഞങ്ങൾക്ക് മെച്ചപ്പെടാൻ കഴിയും, ഞങ്ങൾ മെച്ചപ്പെടുകയും വേണം. അതുപോലെ തന്നെ എനിക്കും കൂടുതൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ടീമിന് വേണ്ടി കൂടുതൽ ചെയ്യണം.” മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വിനീഷ്യസ് പറഞ്ഞു.

ബ്രസീൽ പരിശീലകനും സമാനമായ അഭിപ്രായം തന്നെയാണ് പറഞ്ഞത്. വിനീഷ്യസ് ജൂനിയറിനെ ഒന്നിലധികം പൊസിഷനിൽ പരീക്ഷിച്ചു നോക്കിയെങ്കിലും താരത്തിന് തിളങ്ങാൻ കഴിഞ്ഞില്ലെന്നു പറഞ്ഞ പരിശീലകൻ എതിരാളികൾ കടുത്ത മാർക്കിങ്ങിനു വിധേയമാക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. എന്തായാലും അടുത്ത മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം ഉണ്ടാകുമെന്നു തന്നെയാണ് ഇവർ ഉറപ്പു നൽകുന്നത്.