രണ്ടു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ, കോപ്പ അമേരിക്ക നേടാൻ ബ്രസീലും അർജന്റീനയും വിയർക്കും

കോപ്പ അമേരിക്ക ടൂർണമെന്റിന് മുൻപ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന ടീമുകൾ അർജന്റീനയും ബ്രസീലുമായിരുന്നെങ്കിൽ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അത് തങ്ങളുടെ പേരിലേക്ക് മാറ്റുന്ന പ്രകടനമാണ് യുറുഗ്വായ് നടത്തുന്നത്. അർജന്റൈൻ പരിശീലകൻ മാഴ്‌സലോ ബിയൽസ നയിക്കുന്ന യുറുഗ്വായ് തകർപ്പൻ പ്രകടനമാണ് ടൂർണമെന്റിൽ നടത്തുന്നത്.

കോപ്പയിലെ ആദ്യത്തെ മത്സരത്തിൽ പനാമയെ കീഴടക്കിയ യുറുഗ്വായ് ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ബൊളീവിയയെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ആധികാരികമായ വിജയമാണ് രണ്ടു മത്സരത്തിലും ടീം നടത്തിയത്. ആദ്യത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും രണ്ടാമത്തെ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കുമാണ് യുറുഗ്വായ് വിജയം നേടിയത്.

ബ്രസീലിയൻ ക്ലബായ നിക്കോള ഡി ലാ ക്രൂസും റയൽ മാഡ്രിഡ് താരമായ ഫെഡെ വാൽവെർദെയും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ഫാകുണ്ടോ പെല്ലസ്ട്രി, ഡാർവിൻ നുനസ്, മാക്‌സി അരഹോ, ഫെഡെ വാൾവെർഡ്, ബെന്റാങ്കർ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ സമ്പൂർണ ആധിപത്യമാണ് യുറുഗ്വായ് നടത്തിയത്.

മത്സരത്തിൽ പതിനെട്ടു ഷോട്ടുകളാണ് യുറുഗ്വായ് ബൊളീവിയൻ ഗോൾവല ലക്ഷ്യമാക്കി തൊടുത്തത്. മത്സരത്തിൽ ഗോൾ നേടിയതോടെ യുറുഗ്വായ്ക്ക് വേണ്ടി കഴിഞ്ഞ ഏഴു മത്സരങ്ങളിലും ഗോൾ നേടുന്ന താരമായി ഡാർവിൻ നുനസ് മാറി. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലർത്തുന്ന യുറുഗ്വായ് വമ്പൻമാർക്ക് വലിയ ഭീഷണി തന്നെയാണ്.

മാഴ്‌സലോ ബിയൽസയുടെ ശൈലിക്ക് നൂറു ശതമാനം വർക്ക്റേറ്റ് ഉള്ള താരങ്ങൾ ആവശ്യമാണ്. യുറുഗ്വായ് ടീമിൽ അത്തരം താരങ്ങൾ നിരവധിയുള്ളതിനാൽ മികച്ചൊരു സ്‌ക്വാഡിനെ വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീലിനെയും അർജന്റീനയെയും കീഴടക്കിയ യുറുഗ്വായ് ഇത്തവണ കോപ്പ അമേരിക്ക നേടാനുള്ള കുതിപ്പ് തന്നെയാണ് കാണിക്കുന്നത്.