മത്സരത്തിനു മുൻപ് പറഞ്ഞ കാര്യങ്ങൾ താരങ്ങൾ കൃത്യമായി നടപ്പിലാക്കി, പ്രശംസയുമായി ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിർണായകമായ മത്സരമായിരുന്നു കഴിഞ്ഞ ദിവസം ഡ്യൂറൻഡ് കപ്പിൽ സിഐഎസ്എഫിനെതിരെ നടന്നത്. ആദ്യത്തെ മത്സരത്തിൽ എട്ടു ഗോളിന്റെ വിജയവും രണ്ടാമത്തെ മത്സരത്തിൽ സമനിലയും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനു ക്വാർട്ടർ ഉറപ്പിക്കണമെങ്കിൽ ഈ മത്സരത്തിൽ മികച്ചൊരു വിജയം അനിവാര്യമായിരുന്നു.
ക്വാർട്ടർ ഉറപ്പിക്കുന്ന പ്രകടനം മത്സരത്തിൽ നടത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. നോവ സദൂയി ഇത്തവണത്തെ ഡ്യൂറണ്ട് കപ്പിലെ രണ്ടാമത്തെ ഹാട്രിക്ക് സ്വന്തമാക്കിയപ്പോൾ പെപ്ര, അയ്മൻ, അസ്ഹർ, നവോച്ച എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റു ഗോളുകൾ നേടിയത്.
📲 Björn Wesström on IG #KBFC pic.twitter.com/NVSegA42WS
— KBFC XTRA (@kbfcxtra) August 10, 2024
മത്സരത്തിന് ശേഷം ടീമിലെ താരങ്ങൾക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകനായ ബിയോൺ വെസ്ട്രോം. മത്സരത്തിനു മുൻപ് പരിശീലകർ പറഞ്ഞ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കഴിഞ്ഞുവെന്നും അതുകൊണ്ടാണ് ആദ്യപകുതിയിൽ തന്നെ ആറു ഗോളുകൾ നേടാനായതെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
“മത്സരത്തിനു മുൻപ് നിങ്ങളുടെ മുഴുവൻ കഴിവും നൽകണമെന്നായിരുന്നു താരങ്ങൾക്കുള്ള സന്ദേശം. ആദ്യ പകുതിയിൽ തന്നെ ആറു ഗോളുകൾ നേടി അതിനോട് താരങ്ങൾ പ്രതികരിച്ചത് മികച്ച രീതിയിലായിരുന്നു. പിന്തുണ നൽകിയവർക്കും, കളിക്കാർക്കും, പരിശീലകർക്കും നന്ദി. ഇനി ക്വാർട്ടർ ഫൈനലിനുള്ള തയ്യാറെടുപ്പാണ്, ജോലി തുടരുന്നു.” ഇൻസ്റ്റാഗ്രാമിലൂടെ വെസ്ട്രോം വ്യക്തമാക്കി.
ക്ലബിന്റെ ചരിത്രത്തിലെ തന്നെ രണ്ടു വലിയ വിജയങ്ങളാണ് ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് നേടിയിരിക്കുന്നത്. ക്ലബിലെത്തിയ പുതിയ പരിശീലകർ അവരുടെ ജോലി കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ടൂർണമെന്റിന്റെ അടുത്ത ഘട്ടങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന് ഈ പ്രകടനം തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.