നിഹാൽ എന്റെ പദ്ധതികളിൽ ഇല്ലായിരുന്നു, മികച്ച കരിയർ താരത്തിന് മുന്നിലുണ്ടെന്ന് പഞ്ചാബ് എഫ്‌സി പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെപ്പോലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ യുവതാരമായ നിഹാൽ സുധീഷ് നടത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോണിൽ പഞ്ചാബ് എഫ്‌സിയിലേക്ക് ചേക്കേറിയ താരം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കളിയിലെ താരമായിരുന്നു.

ഇന്നലെ ഒഡിഷക്കെതിരെ നടന്ന മത്സരത്തിൽ പഞ്ചാബിന്റെ ആദ്യത്തെ ഗോൾ നേടിയത് താരമായിരുന്നു. മത്സരത്തിന് ശേഷം തന്റെ പദ്ധതികളിൽ പോലും ഇല്ലാതിരുന്ന താരം ടീമിന്റെ പ്രധാന ഭാഗമായി മാറിയതിനെക്കുറിച്ച് പഞ്ചാബ് എഫ്‌സി പരിശീലകൻ പറയുകയുണ്ടായി.

“പുതിയ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനായി എത്തിയപ്പോൾ എന്റെ പദ്ധതികളിൽ താരം ഉണ്ടായിരുന്നില്ല. ഇതുപോലെ തന്നെ തുടരാൻ കഴിയുകയാണെങ്കിൽ ഇന്ത്യയിൽ വലിയൊരു കരിയർ പടുത്തുയർത്താൻ നിഹാലിനു കഴിയും.” പഞ്ചാബ് പരിശീലകൻ ഡിംപ്ലേറി പറഞ്ഞു.

2026 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരമാണ് നിഹാൽ സുധീഷ്. ടീമിനായി പതിനൊന്നു മത്സരങ്ങളിൽ ഇറങ്ങിയിട്ടുള്ള താരം അവസരങ്ങൾ കുറയുന്നതു കൊണ്ടാണ് ലോണിൽ പഞ്ചാബ് എഫ്‌സിയിലേക്ക് ചേക്കേറിയത്.

ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും ഉയർന്നു വന്ന ഒരു താരം മികച്ച പ്രകടനം നടത്തുന്നത് അഭിമാനം തന്നെയാണ്. അടുത്ത സീസണിൽ ടീമിലേക്ക് തിരിച്ചെത്തുന്ന താരത്തിന് ടീമിന്റെ ഭാവിയിൽ നിർണായക വേഷം ചെയ്യാൻ കഴിയുമെന്നതിൽ സംശയമില്ല.