യുവന്റസ് വിട്ടു ഫ്രീ ഏജന്റായി ഡി മരിയ, അർജന്റീനയുടെ മാലാഖക്ക് നിരവധി ഓഫറുകൾ | Angel Di Maria

അർജന്റീന താരമായ ഏഞ്ചൽ ഡി മരിയ യുവന്റസ് വിട്ടു. കഴിഞ്ഞ സമ്മറിൽ പിഎസ്‌ജിയിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയ താരം ഒരു വർഷത്തെ കരാർ അവസാനിച്ചതോടെയാണ് ക്ലബിൽ നിന്നും വിടപറയുന്നത്. താരത്തിന്റെ കരാർ പുതുക്കി ടീമിനൊപ്പം നിലനിർത്താനുള്ള താൽപര്യം ഇറ്റാലിയൻ ക്ലബിനുണ്ടായിരുന്നെങ്കിലും ഡി മരിയ അതിനു സമ്മതം മൂളിയിരുന്നില്ല.

യുവന്റസ് വിടുന്ന ഏഞ്ചൽ ഡി മരിയക്കായി നിരവധി ഓഫറുകൾ ഇപ്പോൾ തന്നെയുണ്ട്. അടുത്ത വർഷം കോപ്പ അമേരിക്ക നടക്കുന്നതിനാൽ യൂറോപ്പിൽ തന്നെ തുടരാനാണ് ഡി മരിയയുടെ തീരുമാനം. ഏതെങ്കിലും പ്രധാനപ്പെട്ട യൂറോപ്യൻ ക്ലബുകളിൽ കളിച്ച് അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഇടം പിടിച്ച് ടൂർണമെന്റിന് ശേഷം ദേശീയ ടീമിൽ നിന്നും വിരമിക്കാനാകും ഡി മരിയ ഒരുങ്ങുന്നത്.

റിപ്പോർട്ടുകൾ പ്രകാരം മുൻ ക്ലബായ ബെൻഫിക്കക്ക് ഡി മരിയയെ തിരിച്ചെത്തിക്കാൻ താൽപര്യമുണ്ട്. എന്നാൽ അക്കാര്യത്തിൽ താരം ഒരു തീരുമാനം ഇതുവരെയും എടുത്തിട്ടില്ല. ഇതിനു പുറമെ യൂറോപ്പിലെ രണ്ടു വ്യത്യസ്‌ത ലീഗുകളിൽ നിന്നും ഡി മരിയയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. താരം തീരുമാനം എടുത്തിട്ടില്ല എന്നിരിക്കെ ഇനിയും ക്ലബുകൾ രംഗത്തു വരാനുള്ള സാധ്യതയുണ്ട്.

റൊസാരിയോ സെൻട്രലിൽ കരിയർ ആരംഭിച്ച ഏഞ്ചൽ ഡി മരിയ യൂറോപ്പിൽ ബെൻഫിക്ക, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്‌ജി എന്നിവർക്ക് വേണ്ടി കളിച്ചതിനു ശേഷമാണ് യുവന്റസിൽ എത്തിയത്. മുപ്പത്തിയഞ്ചു വയസായെങ്കിലും ഇപ്പോഴും മികച്ച പ്രകടനം നടത്തുന്ന താരത്തെ സ്വന്തമാക്കിയാൽ ഏതു ക്ലബിനും അതൊരു നേട്ടം തന്നെയായിരിക്കുമെന്നതിൽ സംശയമില്ല.

Angel Di Maria Leaves Juventus