ഇത്തവണ പുഷ്‌കാസ് അവാർഡ് അർജന്റീനയിലേക്ക് , അവിശ്വസനീയ അക്രോബാറ്റിക് ഗോളുമായി അർജന്റീന താരം

ഓരോ വർഷവും ഏറ്റവും മികച്ച ഗോളിന് നൽകുന്ന പുരസ്‌കാരമാണ് പുഷ്‌കാസ് അവാർഡ്. ഡ്രിബിൾ ചെയ്‌തു മുന്നേറി നേടുന്ന ഗോളുകൾക്ക് പകരം അവിശ്വസനീയമായ ആംഗിളിൽ നിന്നുള്ളതും അക്രോബാറ്റിക് ആയിട്ടുള്ളതുമായ ഗോളുകളാണ് പുരസ്‌കാരത്തിന് കൂടുതലും പരിഗണിക്കുന്നതായി കണ്ടിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മർ, സ്ലാട്ടൻ തുടങ്ങി നിരവധിയാളുകൾ പുരസ്‌കാരം നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അർജന്റീനയിലെ ലീഗിൽ പിറന്ന ഗോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഇത്തവണ പുഷ്‌കാസ് പുരസ്‌കാരം ഈ ഗോളിന് തന്നെയാകുമെന്നാണ് പലരും പറയുന്നത്. അർജന്റൈൻ ക്ലബായ ലാനസിനു വേണ്ടി കളിക്കുന്ന മുപ്പതുകാരനായ താരം വാൾട്ടർ ബൂവാണ് കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകത്തെ ആശ്ചര്യപ്പെടുത്തിയ ഗോൾ സ്വന്തമാക്കിയത്.

ടൈഗ്രെക്കെതിരെ നടന്ന മത്സരത്തിൽ മുപ്പത്തിയേഴാം മിനുട്ടിൽ പിന്നിലായിപ്പോയ ലാനസ് പിന്നീട് രണ്ടു ഗോളുകൾ നേടി തിരിച്ചു വന്നു. എന്നാൽ എഴുപത്തിമൂന്നാം മിനുട്ടിൽ ടൈഗ്ര ഗോളടിച്ചതോടെ മത്സരം സമനിലയിലായി. മത്സരം അതേനിലയിൽ അവസാനിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് തൊണ്ണൂറാം മിനുട്ടിൽ വാൾട്ടറിന്റെ ഗോൾ പിറക്കുന്നത്.

സഹതാരമായ മാറ്റിയോ സനാബ്രിയ നൽകിയ ക്രോസ് ബോക്‌സിന്റെ പുറത്തു വെച്ചാണ് വാൾട്ടർ സ്വീകരിക്കുന്നത്. പന്ത് നെഞ്ചിൽ സ്വീകരിച്ച താരം ബോക്‌സിനു പുറം തിരിഞ്ഞു നിന്നാണ് അക്രോബാറ്റിക് കിക്കിലൂടെ അത് വലയിലെത്തിക്കുന്നത് . ഗോൾകീപ്പർക്ക് നിന്നിടത്തു നിന്നും അനങ്ങാൻ കഴിയാത്ത രീതിയിലുള്ള ഷോട്ടായിരുന്നു താരത്തിന്റേത്.

ബോക്‌സിനു പുറത്തു നിന്നും അക്രോബാറ്റിക് ഷോട്ടെടുത്ത് ഗോൾ നേടുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്തായാലും ആ തന്റെ കിടിലൻ ഗോൾ കൊണ്ട് മത്സരത്തിൽ ലാനസിനെ വിജയിപ്പിക്കാനും താരത്തിന് കഴിഞ്ഞു. അർജന്റൈൻ ലീഗിൽ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന ക്ലബാണ് ലാനസ്.