പഴുതുകളടച്ച പ്രതിരോധപ്പൂട്ട്, ബ്രസീലിനു പണി കൊടുത്തത് അർജന്റൈൻ പരിശീലകൻ

കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരം ബ്രസീലിനെ സംബന്ധിച്ച് നിരാശയുടേതായിരുന്നു. കോസ്റ്ററിക്കക്കെതിരെ നടന്ന മത്സരത്തിൽ ബ്രസീൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു ഗോൾ പോലും നേടാൻ ടീമിന് കഴിഞ്ഞില്ല. പഴുതുകളടച്ച പ്രതിരോധത്തിലൂടെ ബ്രസീലിയൻ മുന്നേറ്റനിരയെ പൂട്ടിയ കോസ്റ്ററിക്ക മത്സരത്തിൽ വിജയത്തോളം പോന്ന സമനില നേടിയെടുത്തു. 1959നു ശേഷം ആദ്യമായാണ് അവർ ബ്രസീലിനെതിരെ തോൽവി ഒഴിവാക്കുന്നത്.

ഫിഫ റാങ്കിങ്ങിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ബ്രസീലിനെ അൻപത്തിരണ്ടാം സ്ഥാനത്തു നിൽക്കുന്ന കോസ്റ്ററിക്ക തളച്ചത് ചെറിയൊരു കാര്യമല്ല. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിരകളിൽ ഒന്നായ ബ്രസീലിനെ പൂട്ടിയതിന്റെ ക്രെഡിറ്റ് അർജന്റൈൻ പരിശീലകൻ ഗുസ്‌താവോ അൽഫാറോക്കാണ്. മത്സരത്തിന് മുൻപ് ബ്രസീലിനെ പേടിക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ വെറുതെയായിരുന്നില്ല.

മത്സരത്തിൽ എഴുപതിനാല് ശതമാനം ബോൾ പൊസഷൻ ഉണ്ടായിരുന്ന ബ്രസീൽ പത്തൊൻപത് ഷോട്ടുകളാണ് ഉതിർത്തത്. എന്നാൽ അത്രയും ഷോട്ടുകളിൽ നിന്നും ആകെ ഒരു സുവർണാവസരം മാത്രമേ അവർക്ക് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞുള്ളു. മൂന്നു ഷോട്ടുകൾ മാത്രം ലക്ഷ്യത്തിലേക്ക് പോയപ്പോൾ പക്വറ്റയുടെ ഒരു ഷോട്ട് പോസ്റ്റിലടിച്ചും പുറത്തു പോയി.

ബ്രസീലിയൻ മുന്നേറ്റനിരയെ സമർത്ഥമായി പൂട്ടുന്നതിനായി തന്റെ ടീമിനെ വിന്യസിച്ച അൽഫാറോ വളരെയധികം പ്രശംസ അർഹിക്കുന്നു. മികച്ച ഫോമിൽ നിൽക്കുന്ന റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ കോസ്റ്ററിക്ക അക്ഷരാർത്ഥത്തിൽ ചുറ്റിവരിഞ്ഞു. പ്രത്യാക്രമണങ്ങൾ നല്ല രീതിയിൽ സംഘടിപ്പിച്ചില്ലെന്ന പോരായ്‌മ മാത്രമേ കോസ്റ്റാറിക്കയുടെ പ്രകടനത്തിൽ കാണാൻ കഴിയൂ.

കഴിഞ്ഞ വർഷമാണ് അൽഫാറോ കോസ്റ്റാറിക്ക ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തത്. അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയെങ്കിലും പിന്നീട് കോസ്റ്റാറിക്ക ഒരു മത്സരം തോറ്റത് ലോകചാമ്പ്യന്മാരായ അർജന്റീനക്കെതിരെ മാത്രമാണ്. യുറുഗ്വായെ സമനിലയിൽ തളച്ചിട്ടുള്ള അൽഫാറോ മികച്ചൊരു പരിശീലകനാണെന്ന് ഇന്നത്തെ മത്സരത്തിൽ തെളിയിച്ചു.