പുതിയ തന്ത്രങ്ങളുമായി ബ്രസീൽ, പരാഗ്വായെ നേരിടാനുള്ള സ്‌ക്വാഡിൽ നിർണായക മാറ്റങ്ങൾ

കോപ്പ അമേരിക്ക ടൂർണമെന്റിലെ ആദ്യത്തെ മത്സരം ബ്രസീലിനു വലിയൊരു നിരാശയാണ് നൽകിയത്. മികച്ച പ്രകടനം നടത്തുകയും ഒരുപാട് അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തെങ്കിലും ഗോളൊന്നും നേടാൻ കഴിയാതെ കോസ്റ്ററിക്കക്കെതിരെ ടീം സമനില വഴങ്ങി. ഇതോടെ പരാഗ്വായോട് നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ബ്രസീലിനു വിജയം അനിവാര്യമാണ്.

പാരഗ്വായ്ക്കെതിരെ ബ്രസീൽ ഇറങ്ങുമ്പോൾ സ്‌ക്വാഡിൽ നിർണായകമായ മാറ്റങ്ങൾ വരുത്താൻ പരിശീലകൻ ഡോറിവാൽ ജൂനിയർ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ മത്സരം കഴിഞ്ഞപ്പോൾ സ്‌ക്വാഡ് അഴിച്ചുപണിയണമെന്നു പല ഭാഗത്തു നിന്നും ആവശ്യം ഉയർന്നത് ബ്രസീൽ പരിശീലകൻ പരിഗണിക്കുമെന്നാണ് ഗ്ലോബെ റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം മുന്നേറ്റനിരയിലും പ്രതിരോധത്തിലുമാണ് ബ്രസീൽ മാറ്റങ്ങൾ വരുത്തുന്നത്. മുന്നേറ്റനിരയിൽ ബാഴ്‌സലോണ താരം റാഫിന്യക്ക് പകരം സ്പെയിനിലെ തന്നെ ജിറോണ ക്ലബിൽ കളിക്കുന്ന സാവിയോ ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതിനു പുറമെ ലെഫ്റ്റ് വിങ് ബാക്കായി അരാനക്ക് പകരം വെൻഡൽ ഇറങ്ങാനുള്ള സാധ്യതയുമുണ്ട്.

കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ സാവിയോ മികച്ച പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടാണ് ടീമിൽ മാറ്റം വരുത്താൻ പരിശീലകൻ ഒരുങ്ങുന്നത്. കോസ്റ്ററിക്കക്കെതിരെ വിനീഷ്യസ് ജൂനിയറിനെ സെൻട്രൽ ഫോർവേഡായി കളിപ്പിച്ചെങ്കിൽ നാളത്തെ മത്സരത്തിൽ റോഡ്രിഗോയെ ആ സ്ഥാനത്തേക്ക് മാറ്റി വിനീഷ്യസിനെ വിങ്ങിൽ തന്നെ കളിപ്പിക്കും.

ബ്രസീലിനെ സംബന്ധിച്ച് വളരെ നിർണായകമാണ് മത്സരം. ഇതിൽ സമനിലയോ തോൽവിയോ വഴങ്ങിയാൽ ടീമിന്റെ മുന്നോട്ടുപോക്കിനെ അത് ബാധിക്കും. അടുത്ത മത്സരത്തിൽ നേരിടാനുള്ള കൊളംബിയ ശക്തരാണ് എന്നതിനാൽ ഏതു വിധേനയും വിജയം നേടേണ്ടത് ബ്രസീലിനു ആവശ്യമാണ്.